ദോഹ: കഴിഞ്ഞ നവംബർ, ഡിസംബറിൽ ഖത്തർ വേദിയായ ലോകകപ്പ് ഫുട്ബാളിന്റെ സംഘാടന മികവ് ഏഷ്യൻ കപ്പ് ടൂർണമെന്റിലും തുടരുമെന്ന് സി.ഇ.ഒ ജാസിം അബ്ദുൽ അസിസ് അൽ ജാസിം പറഞ്ഞു. ഏഷ്യൻ കപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് ചടങ്ങുകളോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയത്വത്തോടെ ഏഷ്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ കായിക തലസ്ഥാനമായി ഖത്തർ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യൻ കപ്പ് ടൂർണമെന്റിലുടനീളം മികച്ച ആരാധക പങ്കാളിത്തമാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ ആസ്ട്രേലിയ, സൗദി, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ ഏഷ്യൻ ടീമുകൾക്ക് മികച്ച പിന്തുണയാണ് ഗാലറിയിൽ ലഭിച്ചത്. അതുപോലെ ഏഷ്യൻ കപ്പിലും വൻകരയിലെ വിവിധ രാജ്യങ്ങളിൽനിന്ന് കാണികൾ ഒഴുകിയെത്തും.
ഏഷ്യയിലെ ഫുട്ബാള്‍ ആരാധകര്‍ക്ക് വീണ്ടുമൊരു മികച്ച അവസരമാണ് ഏഷ്യന്‍ കപ്പ് -ജാസിം അബ്ദുൽ അസീസ് അല്‍ ജാസിം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫിഫ ലോകകപ്പ് പോലെ തന്നെ ഏഷ്യന്‍ കപ്പും തികച്ചും കോംപാക്ട് ആയ ടൂര്‍ണമെന്റ് ആകുമെന്നതിനാല്‍ മത്സരങ്ങളും ഏറ്റവും മികച്ചതായിരിക്കും. താമസവും പരിശീലനവും മത്സര വേദികളും വളരെ അടുത്താണെന്നതിനാല്‍ കളിക്കാര്‍ക്ക് സ്റ്റേഡിയങ്ങളിലേക്ക് എത്താന്‍ ദീര്‍ഘദൂര യാത്ര വേണ്ട എന്നതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും.
മികച്ച ടൂർണമെന്റിന് ആതിഥേയത്വമൊരുക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. ലോകകപ്പ് സംഘാടനത്തിന് നേതൃത്വം നൽകിയതിന്റെ പരിചയസമ്പത്തുള്ള അതേ ടീമാണ് ഏഷ്യൻ കപ്പിന്റെ ഒരുക്കത്തിനും പിന്നിൽ -അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.