ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായി ഐക്യരാഷ്ട്രസഭ ഏജൻസിക്ക് ഖത്തർ 25 ദശലക്ഷം ഡോളർ ധനസഹായം നൽകും. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്കാണ് (യു.എൻ.ആർ.ഡബ്ല്യു.എ) ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ധനസഹായം നൽകുക. ഇതുസംബന്ധിച്ച രണ്ട് കരാറുകളിൽ യു.എൻ.ആർ.ഡബ്ല്യു.എയും ഖത്തർ ഡെവലപ്മെൻറ് ഫണ്ടും ഒപ്പുവെച്ചു. ചടങ്ങിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ചെയർമാനും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും യു.എൻ.ആർ.ഡബ്ല്യു.എ ജനറൽ കമീഷണർ ഫിലിപ്പെ ലസ്സാരിനിയും പങ്കെടുത്തു. കരാറിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ കുവാരി, ഫിലിപ്പെ ലസ്സാരിനി എന്നിവർ ഒപ്പുവെച്ചു.
രണ്ടുവർഷത്തേക്ക് മേഖലയിലെ ഐക്യരാഷ്ട്രസഭ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, സിറിയയിൽ കഴിയുന്ന ഫലസ്തീൻ അഭയാർഥികൾക്കുള്ള പിന്തുണയും സഹായവും എന്നിവയും ഇതിലുൾപ്പെടും. യു.എൻ.ആർ.ഡബ്ല്യു.എയുടെ അടിയന്തര സഹായ അഭ്യർഥനയെ തുടർന്നാണ് ഖത്തറിെൻറ ഇടപെടൽ. ആദ്യ കരാർ പ്രകാരം, ഫലസ്തീൻ അഭയാർഥികളുട അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 18 മില്യൻ ഡോളർ നൽകും. ഫലസ്തീനിലെയും സമീപ രാഷ്ട്രങ്ങളിലെ ഫലസ്തീൻ അഭയാർഥികളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പണം വിനിയോഗിക്കും. രണ്ടാമത് കരാർ പ്രകാരം, ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ വികസനം ലക്ഷ്യം വെച്ച് സിറിയയിലെ ഫലസ്തീൻ അഭയാർഥികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിന് ഏഴു മില്യൻ ഡോളർ നൽകും. മൂന്നര ലക്ഷത്തിലധികം ഫലസ്തീനികൾ ഇതിെൻറ ഗുണഭോക്താക്കളാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സിറിയൻ ആഭ്യന്തര സംഘട്ടനങ്ങൾ പ്രതികൂലമായി ബാധിച്ച ഫലസ്തീൻ അഭയാർഥികൾക്ക് അടിയന്തര ധനസഹായമായി നാല് ദശലക്ഷം ഡോളർ നൽകും. 12 മാസങ്ങളിലായി 52000 അഭയാർഥികൾക്കായിരിക്കും ഇതുവഴി ധനസഹായം നൽകുക. സിറിയയിലെ ഫലസ്തീൻ അഭയാർഥികൾക്ക് സാങ്കേതിക, തൊഴിൽ പരിശീലനം നൽകുന്നതിന് 1.5 മില്യൻ ഡോളർ ചെലവഴിക്കും. ഇതിലൂടെ 2125 ഗുണഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ ഫിലിപ്പെ ലസ്സാരിനി, വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറും യു.എൻ ഏജൻസിയും തമ്മിലുള്ള സഹകരണവും ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.