ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി റഫീഖ് റഹീം ചുമതലയേറ്റു. അധ്യാപന മേഖലയിൽ 22 വർഷത്തെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം യു.എ.ഇ.യിലെ അൽ മജ്ദ് ഇന്ത്യൻ സ്കൂൾ, ദ ന്യൂ ഇന്ത്യൻ സ്കൂൾ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും കെ-ടെറ്റ്, അറബി സെക്കൻഡറി ബിരുദവും നേടിയിട്ടുണ്ട്.
അധ്യാപന മേഖലയിലെയും വിദ്യാഭ്യാസ രംഗത്തെയും ഭരണമികവിന് നിരവധി അംഗീകാരങ്ങളും തേടിയെത്തി. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി പ്രശംസപത്രം, ഇന്റർനാഷനൽ ബെഞ്ച്മാർക്ക് ടെസ്റ്റുകളുടെ നടത്തിപ്പിന് ആസ്ട്രേലിയൻ കൗൺസിൽ ഫോർ എജുക്കേഷൻ റിസർച് പ്രശംസപത്രം, എസ്.ഡി.ജി പാഠങ്ങളുടെ സജീവ പങ്കാളിത്തത്തിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിരുന്നു. പൊതുമാപ്പ് കാലയളവിലെ സന്നദ്ധ സേവനത്തിനും ഇന്ത്യൻ പ്രവാസികൾക്ക് ക്ഷേമസേവനങ്ങളിൽ ഇടപെടാനുള്ള പ്രത്യേകാവകാശം അനുവദിച്ചതിനും ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രശംസപത്രവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഹ്യൂമൻ അപ്പീൽ ഇന്റർനാഷനലിന്റെ അംഗീകാരവും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്പോർട്സ് ആൻഡ് ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമിനുള്ള ആത്മാർഥ പരിശ്രമങ്ങൾക്ക് ദുബൈ പൊലീസ് ഡിപ്പാർട്മെന്റിന്റെ പ്രത്യേക അവാർഡുകളും ലഭിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് റഷീദ് അഹ്മദ് പുതിയ പ്രിൻസിപ്പലിനെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.