ദോഹ: വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ അവസരം നൽകുന്ന ‘ഹോം സ്കൂളിങ്’ പദ്ധതിയുമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ. ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് സി.ബി.എസ്.ഇ പാഠ്യപദ്ധതി പ്രകാരം ഏഴാം തരം മുതൽ ‘ഹോം സ്കൂൾ’ സൗകര്യം ഒരുക്കുന്നതെന്ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് അംഗങ്ങളും പ്രിൻസിപ്പലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സീറ്റ് പരിമിതിമൂലം പഠനാവസരം നഷ്ടമായ വിദ്യാർഥികൾക്കായി സായാഹ്ന ഷിഫ്റ്റുകൾ ആരംഭിച്ചതിനു പിന്നാലെയാണ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ‘ഹോം സ്കൂളിങ്ങും ആരംഭിക്കുന്നത്. ഈ പഠനസംവിധാനം അനുവദിച്ച ഖത്തറിലെ ആദ്യ ഇന്ത്യൻ സ്കൂൾ കൂടിയാണ് 25 വർഷത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് സജീവമായ ശാന്തിനികേതൻ സ്കൂൾ.
പലകാരണങ്ങളാൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂതന പഠനസംവിധാനമായ ഹോം സ്കൂൾ ആരംഭിക്കുന്നത്. ആറാം ക്ലാസ് പൂർത്തിയാക്കിയവരോ, അല്ലെങ്കിൽ 12 വയസ്സ് തികഞ്ഞവരോ ആയ കുട്ടികൾക്ക് മാത്രമായിരിക്കും ഹോം സ്കൂളിൽ പ്രവേശനം അനുവദിക്കുന്നത്. ഈ കുട്ടികൾ കുറഞ്ഞത് ഒരു വർഷമെങ്കിലും പഠനം തടസ്സപ്പെട്ടവരായിരിക്കണം.
ഖത്തറിൽ താമസ പെർമിറ്റുള്ള ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്ക് മാത്രമായിരിക്കും ഹോം സ്കൂളിൽ പ്രവേശനം ലഭിക്കുകയെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സി.ബി.എസ്.ഇ പാഠ്യപദ്ധതി പ്രകാരമായിരിക്കും ക്ലാസുകൾ ലഭിക്കുന്നത്.
ഹോം സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ, വർക്ക് ഷീറ്റുകൾ, രജിസ്ട്രേഷൻ എന്നിവ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കും. ഓൺലൈനായായിരിക്കും പഠന വിഭവങ്ങൾ വിതരണം ചെയ്യുക. സംശയ ദൂരീകരണത്തിനായി സ്കൂളിലെ വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഓൺലൈൻ സെഷനുകൾ സംഘടിപ്പിക്കും.
സ്കൂളിന്റെ സുപ്രധാന മത്സരപരിപാടികളിൽ ഹോം സ്കൂൾ വിദ്യാർഥികൾക്കും സാധ്യമാകുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. ഹോം സ്കൂളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തുടർ വർഷങ്ങളിൽ വേണമെങ്കിൽ റഗുലർ സ്കൂൾ സിസ്റ്റത്തിലേക്ക് മാറാനും സാധിക്കും. പഠനവും പഠനപ്രവർത്തനങ്ങളും വീട്ടിൽ തന്നെയാണെങ്കിലും, പരീക്ഷകൾ സ്കൂളിലെത്തി എഴുതാൻ സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അർഹരായ വിദ്യാർഥികൾക്ക് സ്കൂൾ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഹോം സ്കൂളിങ് പ്രവേശനം ഉറപ്പിക്കാവുന്നതാണ്. ഖത്തർ വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ച നാമമാത്രമായ കോഴ്സ് ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിങ് ഡയറക്ടർ കെ.സി. അബ്ദുല്ലത്തീഫ്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്മദ്, വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ പങ്കെടുത്തു.
പേര് സൂചിപ്പിക്കും പോലെ, സ്കൂളിൽ പതിവായി പോകാതെ വീട്ടിലിരുന്ന് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനമാണ് ‘ഹോം സ്കൂളിങ്’. വിദേശ രാജ്യങ്ങളിൽ വിപുലമായ ഈ സ്കൂൾ പദ്ധതി, പലകാരണങ്ങളാൽ പ്രശംസ പിടിച്ചു പറ്റിയതാണ്. ഒരുസാഹചര്യത്തിലും തലമുറകൾക്ക് സ്കൂൾ വിദ്യാഭ്യാസം നഷ്ടമാകരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം മുടങ്ങിയവർക്ക് ഹോം സ്കൂളിങ്ങിന് അധികൃതർ അനുവാദം നൽകിയത്.
കുട്ടികളെ പരമ്പരാഗത സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്നതിനുപകരം രക്ഷിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്തത്തിൽ വീട്ടിൽ പഠിപ്പിക്കുന്നതാണ് ഈ സംവിധാനം. സാമ്പത്തിക, സാമൂഹിക, ആരോഗ്യകരമോ മറ്റോ ആയ കാരണങ്ങളാൽ വിദ്യാഭ്യാസം തടസ്സപ്പെടുന്നവർക്കും ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ഖത്തർ ദേശീയ വിഷൻ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ പ്രവാസി സമൂഹത്തിൽനിന്നും ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് പൈലറ്റ് അടിസ്ഥാനത്തിൽ ‘ഹോം സ്കൂൾ’ അനുവാദം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.