ദോഹ: കഴിഞ്ഞ മാസത്തിൽ ഖത്തറിലെ തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 22 ശതമാനം വർധനവാണ് ചരക്ക് നീക്കത്തിലുണ്ടായിരിക്കുന്നത്.മാർച്ച് മാസത്തിൽ മാത്രം 137,737 ടി.ഇ.യു കണ്ടെയ്നറുകളാണ് ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലെത്തിയത്.ഇതിൽ 134320 ടൺ ജനറൽ കാർഗോ, 25638 കാലികൾ, 48924 ടൺ കെട്ടിട നിർമാണ സാധനങ്ങൾ, 6669 യൂനിറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുമെന്നും 250 കപ്പലുകളാണ് തുറമുഖങ്ങളിൽ നങ്കൂരമിട്ടതെന്നും മവാനി ഖത്തർ അറിയിച്ചു.
ജനറൽ കാർഗോ, കെട്ടിട നിർമാണ സാധനങ്ങൾ തുടങ്ങി എല്ലാവിധ ചരക്കുകളുടെ അളവിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ മൂന്ന് തുറമുഖങ്ങളിലുമായി 112730 ടി.ഇ.യു കണ്ടെയ്നറുകളാണ് എത്തിയിരുന്നത്. ആകെ 225 ചരക്ക് കപ്പലുകളാണ് ഇക്കാലയളവിൽ നങ്കൂരമിട്ടത്.
കോവിഡ്-19 ഉയർത്തിയ വെല്ലുവിളികൾക്കിടയിലും 2020ൽ ഹമദ് തുറമുഖം സജീവമായിരുന്നുവെന്നും വലിയ പുരോഗതിയാണ് ചരക്ക് നീക്കങ്ങളിലുണ്ടായിരിക്കുന്നതെന്നും മവാനി ഖത്തർ വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ വർഷം ഹമദ് തുറമുഖത്തെത്തിയ കപ്പലുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി മവാനി ഖത്തർ ചൂണ്ടിക്കാട്ടി. 1600 കപ്പലുകളിലായി 1.4 ദശലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖത്ത് കഴിഞ്ഞവർഷം കൈകാര്യം ചെയ്തത്.
കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ ആഗസ്റ്റ് മാസത്തിലും തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തിൽ വർധനവുണ്ടായിരുന്നു. അതിന് മുമ്പുള്ള മുൻ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ തുറമുഖങ്ങളിലൂടെയുള്ള വാഹനങ്ങളുടെ നീക്കത്തിൽ 18 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് മാസത്തിൽ 4091 വാഹനങ്ങളാണ് തുറമുഖങ്ങളിൽ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ജൂലൈ മാസത്തിൽ ഇത് 3496 വാഹനങ്ങളായിരുന്നു.
2019 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 2020 ആഗസ്റ്റിൽ തുറമുഖങ്ങളിലെ കണ്ടെയ്നർ നീക്കത്തിലും നാലു ശതമാനം വർധന രേഖപ്പെടുത്തിയതായും മവാനി ഖത്തർ ട്വീറ്റ് ചെയ്തു.തുറമുഖങ്ങളിൽ 113,795 ടി.ഇ.യു (ട്വൻറി ഫൂട്ട് ഇക്വാലൻറ് യൂനിറ്റ്സ്)കണ്ടെയ്നറുകളാണ് ആ മാസം കൈകാര്യം ചെയ്യപ്പെട്ടത്. ജനറൽ കാർഗോ ഇനത്തിൽ 51450 ടണ്ണും ബിൽഡിങ് മെറ്റീരിയൽ വിഭാഗത്തിൽ 27833 ടണ്ണും കഴിഞ്ഞ മാസം തുറമുഖങ്ങളിലെത്തി.കഴിഞ്ഞ വർഷം ഡിസംബറിൽ ഹമദ് തുറമുഖത്തിെൻറ കണ്ടെയ്നർ ടെർമിനൽ 2െൻറ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു. അത്യാധുനിക പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളാണ് പുതിയ ടെർമിനലിലും സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.