ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് യോഗ്യത നേടിയ യു.എ.ഇ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: വർഷാവസാനം ഖത്തർ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ ടീമുകളുടെ ചിത്രം തെളിഞ്ഞു.
ടൂർണമെന്റിലേക്കുള്ള യോഗ്യതാറൗണ്ട് കൂടിയായ അണ്ടർ 17 ഏഷ്യൻ കപ്പിന്റെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെയാണ് വൻകരയുടെ പ്രാതിനിധ്യം സംബന്ധിച്ച ചിത്രം തെളിഞ്ഞത്.
16 ടീമുകൾ പങ്കെടുത്ത ഏഷ്യൻ കപ്പിൽ നിന്നും നാല് ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ വീതം ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ചു. ഏഷ്യൻ കപ്പിന്റെ ആതിഥേയരും അയൽക്കാരുമായ സൗദി അറേബ്യയും യു.എ.ഇയും ഉൾപ്പെടെ എട്ട് ടീമുകൾ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു. ആതിഥേയർ എന്ന നിലയിൽ ഖത്തർ കൂടി ചേരുന്നതോടെ ലോകകപ്പിലെ ഏഷ്യൻ പങ്കാളിത്തം ഒമ്പതായി മാറും.
ഈ വർഷം നവംബർ മൂന്ന് മുതൽ 27 വരെയാണ് കൗമാര ലോകകപ്പ് ഫുട്ബാളിന് ഖത്തർ വേദിയൊരുക്കുന്നത്. ഏഷ്യൻ കപ്പ് ഗ്രൂപ് ‘എ’യിൽ നിന്നും ഉസ്ബെകിസ്താൻ, സൗദി അറേബ്യ, ഗ്രൂപ് ‘ബി’യിൽ നിന്ന് ജപ്പാൻ, യു.എ.ഇ, ‘സി’യിൽ നിന്ന് ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ‘ഡി’യിൽ നിന്ന് തജികിസ്താൻ, ഉത്തര കൊറിയ ടീമുകൾ ഖത്തറിൽ കളിക്കും. ഗ്രൂപ് ‘ബി’യിൽ നിന്നും കരുത്തരായ ആസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യു.എ.ഇയുടെ വരവ്.
അവസാന മത്സരത്തിൽ സോക്കറൂസ് ജപ്പാനെ തോൽപിച്ചപ്പോൾ, യു.എ.ഇ വിയറ്റ്നാമുമായി സമനില പാലിക്കുകയായിരുന്നു.
പോയന്റ് നിലയിലും ഗോൾ വ്യത്യാസത്തിലും യു.എ.ഇയും സോക്കറൂസും സമനില പാലിച്ചപ്പോൾ, മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ യു.എ.ഇ നേടിയ വിജയം തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.