യാംബു: റമദാൻ അവസാനിക്കുന്നതോടെ വന്നെത്തുന്ന ചെറിയ പെരുന്നാളിന്റെ (ഈദുൽ ഫിത്ർ) ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗൾഫിലെങ്ങുമുള്ള വിശ്വാസികൾ.
വ്രതമാസത്തിലൂടെ ആർജിച്ച ആത്മ സമർപ്പണവും സഹനവും വരും നാളുകളിലേക്കുള്ള കരുത്തായി മാറാൻ ഓരോ വിശ്വാസികളും പ്രയത്നിക്കുന്ന സന്ദർഭം കൂടിയാണിപ്പോൾ. പെരുന്നാൾ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ സൗദിയിൽ വിവിധ പരിപാടികളാണ് അധികൃതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കുന്നത്.
പെരുന്നാളിനെ വമ്പിച്ച ആഹ്ലാദത്തോടെ ആഘോഷമാക്കാനൊരുങ്ങുകയാണ് സ്വദേശികളും പ്രവാസികളും. പ്രധാന നഗരങ്ങളിലെല്ലാം പെരുന്നാളിനെ സ്വാഗതം ചെയ്ത് അലങ്കാരവിളക്കുകൾ ഇതിനകം നിറഞ്ഞിട്ടുണ്ട്.
പെരുന്നാൾ ആഘോഷം മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും റമദാന്റെ വിടവാങ്ങൽ വിശ്വാസിയുടെ മനസ്സിൽ വ്യാകുലതയാണ് ഉണ്ടാക്കുന്നത്. റമദാന്റെ രാപ്പകലുകളുമായി ഇഴുകിച്ചേർന്ന വിശ്വാസിക്ക് ഈ വിരഹം വിങ്ങലുളവാക്കുന്നു.
വഴിതെറ്റിയലഞ്ഞ മനസ്സുകളെ യും ശരീരങ്ങളെയും സുകൃതങ്ങളിലേക്ക് ആനയിച്ചാണ് റമദാൻ യാത്ര പറഞ്ഞത്. റമദാൻ വിട പറഞ്ഞ് അകലുമ്പോഴും അത് പകർന്നു നൽകിയ നന്മകളുടെ വെളിച്ചം അണഞ്ഞു പോകില്ലെന്നതാണ് വിശ്വാസിയുടെ കരുത്ത്. അടുത്ത റമദാൻവരേക്കുമുള്ള ആത്മീയ പാഠങ്ങൾ പകർത്തിയാണ് വിശ്വാസികൾ റമദാന് വിട നൽകുന്നത്. സൗദിയിൽ ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിനു ശേഷം 15 മിനിറ്റ് കഴിയുന്നതോടെയാണ് പെരുന്നാൾ നമസ്കാരം നടക്കുക.
രാജ്യത്തെ 20,000ത്തിലധികം പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരത്തിന് ഒരുങ്ങിയതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മുൻ വർഷങ്ങളിൽനിന്ന് വിഭിന്നമായി ഇത്തവണ മക്കയിൽ തീർഥാടകരുടെ എണ്ണത്തിൽ റെക്കോഡ് തീർത്ത വർഷം കൂടിയാണ്. തിരക്ക് കണക്കിലെടുത്ത് ഇത്തവണയും മസ്ജിദുൽ ഹറാമിന് സമീപമുള്ള പള്ളികളിലെല്ലാം പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും.
സൗദിയിൽ സ്വകാര്യമേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 29 മുതൽ പെരുന്നാൾ അവധി ആരംഭിച്ചു. ഈ വർഷം വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ആറു ദിനങ്ങൾ അവധി ലഭിച്ചതും പെരുന്നാൾ ആഘോഷത്തിന് മാറ്റു കൂട്ടുന്നു. സൗദിയിലെ മുൻ നിര കമ്പനികൾക്ക് വ്യാഴം കൂടി അവധി നൽകുന്നതോടെ ഒമ്പത് ദിവസം വരെ അവധി ലഭിക്കുന്നവരും ഉണ്ട്. മാനവ,വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അവധി ദിനങ്ങൾ നേരത്തേ പ്രഖ്യാപിച്ചത്.
പെരുന്നാൾ ദിനത്തിൽ ഈദ് നമസ്കാരം പൂർത്തിയാകുന്നതോടെ വിശ്വാസികൾ പരസ്പരം ആശംസകൾ കൈമാറിയും സൗഹൃദ സന്ദർശനം നടത്തിയും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പലയിടങ്ങളിലും മലയാളികളുടെ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമങ്ങളും ഫെസ്റ്റുകളും സംഘടിപ്പിക്കുന്നുണ്ട്.
ചില കുടുംബങ്ങൾ ഒന്നിച്ചും വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് ഉല്ലാസയാത്രകളും ഒരുക്കുന്നുണ്ട്. രാജ്യത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വൈകുന്നേര ങ്ങളിൽ കുടുംബങ്ങളുടെയും സൗഹൃദങ്ങളുടെയും ഒത്തുചേരലിനും വേദിയാകും.
പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഈ വർഷം രാജ്യത്തിന്റെ 13 പ്രധാന നഗരങ്ങളിൽ ബുധനാഴ്ച രാത്രി ഒമ്പതിന് വെടിക്കെട്ട് പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഈദാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി സാംസ്കാരിക ചടങ്ങുകളും കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.