റിയാദ്: രാജ്യത്തിന്റെ ഭരണഘടനയും ഫെഡറൽ ഭരണസംവിധാനങ്ങളും ഭരണഘടന സ്ഥാപനങ്ങളുടെ സ്വതന്ത്ര അസ്തിത്വവും അവസാനശ്വാസത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തില്‍ സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് പുറന്തള്ളാനായി ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ പ്രവാസികളോടും കുടുംബങ്ങളോടും ആഹ്വാനം ചെയ്ത് പ്രവാസി വെൽഫെയർ പ്രവർത്തക കൺവെൻഷൻ സമാപിച്ചു.
റിയാദ് മലസിലെ ചെറീസ് റസ്റ്റാറന്റിൽ ചേർന്ന പരിപാടിയില്‍ വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗവും പ്രവാസി വെൽഫെയർ ഫോറം കേരള പ്രസിഡന്റുമായ അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. രാജ്യവ്യാപകമായി ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പിന്തുണക്കുക, കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇൻഡ്യ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ 20 ലോക്സഭാ മണ്ഡലങ്ങളിലും പിന്തുണക്കാനാണ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ട് സാമൂഹിക വിദ്യാഭ്യാസ നീതിന്യായ വ്യവസ്ഥയടക്കം ഫെഡറൽ സംവിധാനങ്ങൾ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘ്പരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ റദ്ദ് ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ അവസരത്തിൽ രാജ്യതാൽപര്യങ്ങൾ മുൻനിർത്തി സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് അസ്ലം ചെറുവാടി പറഞ്ഞു. ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു.
നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ മുഴുവന്‍ വോട്ടുകളും പാര്‍ട്ടിനയത്തിന് അനുകൂലമായി യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സമാഹരിക്കണമെന്ന് അദ്ദേഹം പ്രവാസി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റുക്സാന ഇർഷാദ് നാട്ടിലെ സാമൂഹിക സാഹചര്യങ്ങൾ വിശകലനം ചെയ്ത് സദസ്സുമായി സംവദിച്ചു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് അജ്മൽ ഹുസൈൻ നന്ദിയും പറഞ്ഞു. സംഘടന ഭാരവാഹികളായ ഷഹ്ദാൻ, അഷ്റഫ് കൊടിഞ്ഞി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.