മിന: മിനായിൽ ഇന്ത്യൻ ഹാജിമാർക്ക് വിപുല സൗകര്യം. ഇന്ത്യയിൽനിന്ന് ആകെ 79,213 ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്. മിനായിലും അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിനായിൽ മക്തബ് നമ്പർ 13ലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസ് ഒരുക്കിയിട്ടുള്ളത്. ഇവിടെ ക്ലിനിക്, അന്വേഷണ ഡെസ്ക്, ഹാദിമിൽ ഹുജ്ജാജ് ഡെസ്ക് തുടങ്ങിയ വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നു. അറഫയിലും മക്തബ് നമ്പർ 13ലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ക്യാമ്പ് ഓഫിസ് പ്രവർത്തിക്കുന്നത്. അറഫയിൽ കിങ് ഫൈസൽ റോഡിനടുത്ത് മശാഇർ ട്രെയിൻ സ്റ്റേഷൻ രണ്ടിന് സമീപത്താണ് ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. വ്യാഴാഴ്ച അർധരാത്രിക്കു ശേഷമാണ് ഇന്ത്യൻ തീർഥാടകർ അറഫയിലേക്ക് പുറപ്പെട്ടത്. ഇത്തവണ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മുഴുവൻ തീർഥാടകർക്കും മശാഇർ മെട്രോ ട്രെയിൻ സൗകര്യമുണ്ട്. അതുകൊണ്ട് 20 മിനിറ്റ് കൊണ്ട് മിനായിൽ നിന്നും അറഫയിൽ എത്താനാവും. മദീനയിലെ ആശുപത്രിയിൽ കഴിയുന്ന ഒരു തീർഥാടകനും മക്കയിലെ വിവിധ ആശുപത്രികളിലുള്ള 15ഓളം തീർഥാടകർക്കുമാണ് മിനായിൽ എത്താൻ കഴിയാതിരുന്നത്. ഇവരെ അറഫയിൽ എത്തിക്കാനാവുമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ പറഞ്ഞു. അറഫയിൽ 43 ഡിഗ്രിക്ക് മുകളിൽ ചൂട് ഉയരും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകൾ. ഇവയെ മറികടക്കാനുള്ള സംവിധാനങ്ങൾ അറഫയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മെഡിക്കൽ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ആകെ 10 ലക്ഷം തീർഥാടകരിൽ 30 ശതമാനത്തോളം തീർഥാടകർക്ക് ഇത്തവണ അറഫയിലേക്ക് മെട്രോ സേവനം ഉപയോഗപ്പെടുത്താനാവുന്നത് അറഫ പ്രയാണം എളുപ്പമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.