റിയാദ്: കേളി കലാസാംസ്കാരിക വേദി ‘ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിശദീകരണ പരിപാടി സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ.പി.എം. സാദിഖ് വിശദീകരണം നൽകി. വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ലോക കേരള സഭയുടെ രൂപവത്കരണം മുതൽ നാലാമത് സമ്മേളനം വരെയുള്ള സഭയുടെ പ്രവർത്തനങ്ങളും പ്രതിപക്ഷം അടക്കമുള്ള വിവിധ മേഖലയിൽനിന്ന് സഭയോടുള്ള സമീപനവും കെ.പി.എം. സാദിഖ് വിശദീകരിച്ചു.
ഈ സഭ പ്രവാസികളുടെ ആവശ്യമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ ഇല്ല. ഗാർഹിക തൊഴിലാളി മുതൽ വൻകിട വ്യവസായികൾ വരെ ഈ സഭയിൽ അംഗങ്ങളാണ്. ലോക കേരള സഭ എന്നത് ആഗോള പ്രവാസികളുടെ ഒരു പരിച്ഛേദം തന്നെയാണ്. ആദ്യ സഭയിൽ 35 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്ന അംഗങ്ങളുടെ പങ്കാളിത്തം. രണ്ടാം സഭയിൽ അത് 42 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം സഭയായപ്പോഴേക്കും 68 രാജ്യങ്ങളിലെ പ്രതിനിധികൾ സഭയിൽ അംഗങ്ങളായി. ഇക്കഴിഞ്ഞ നാലാം സഭയിലെ പങ്കാളിത്തം 103 രാജ്യങ്ങളിൽ നിന്നുമായിരുന്നു.
26 ലക്ഷത്തോളം മലയാളികൾ പ്രവാസികളായിട്ടുണ്ടെങ്കിലും പ്രവാസി ക്ഷേമനിധിയിൽ 5.21 ലക്ഷം പേർ മാത്രമാണ് ഇതുവരെ പങ്കാളികളായിട്ടുള്ളത്. പ്രവാസി ക്ഷേമനിധി വെറും ഒരു പെൻഷൻ പദ്ധതി മാത്രമല്ല. പ്രവാസിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയങ്ങളിലും ക്ഷേമനിധി അംഗങ്ങൾ ഗുണഭോക്താക്കളാണ്. ഇത് പ്രവാസിസമൂഹം അറിയാതെ പോകരുത്. സൗദി ആരോഗ്യ മന്ത്രാലയം പോലുള്ള വിവിധ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലേക്ക്, നോർക്ക റൂട്സ് വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്ന് ഇതിനോടകം സഭയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന വിഷയമായ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം സഭ ഗൗരവമായി ചർച്ച ചെയ്തു.
എന്നാൽ ലോക കേരളസഭ എന്ന സംവിധാനത്തോട് വ്യത്യസ്തമായ സമീപനമാണ് കേരളത്തിെൻറ പ്രതിപക്ഷം സ്വീകരിക്കുന്നത്. എതിർക്കുന്ന സമീപനമാണ് യു.ഡി.എഫ് എക്കാലവും സ്വീകരിച്ചുപോന്നിട്ടുള്ളത്. എന്നാൽ അവരുടെ പ്രവാസി സംഘടനകൾ വിവിധ ഘട്ടത്തിൽ സഭയോട് നല്ലരീതിയിൽ സഹകരിക്കുകയും ക്രിയാത്മകമായ നിർദേശങ്ങൾ സഭയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ആദ്യ സഭയെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്താതെ മാധ്യമങ്ങൾ പോലും തെറ്റായ വിവരങ്ങളാണ് സമൂഹത്തിന് നൽകിയിട്ടുള്ളത്. ജനങ്ങളുടെ നികുതിപ്പണം പ്രവാസികൾക്ക് വേണ്ടി സർക്കാർ ധൂർത്തടിക്കുന്നു എന്ന പ്രചാരണം നടത്താൻ പോലും പല മാധ്യമങ്ങളും തയാറായി. എന്നാൽ ആദ്യ സഭ കഴിഞ്ഞപ്പോഴാണ് മാധ്യമങ്ങൾക്ക് പോലും സഭയുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ കഴിഞ്ഞത്. കണ്ണൂരിലെ ഒരു പ്രവാസിയുടെ ആത്മഹത്യയെ മുൻ നിർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ രണ്ടാം സഭയുടെ ബഹിഷ്കരണം. അവരുടെ പ്രവാസി സംഘടനകളെ രണ്ടാം സഭയിൽനിന്നും പിന്തിരിപ്പിക്കാൻ പ്രതിപക്ഷത്തിനായി. എന്നാൽ പ്രത്യേകിച്ച് ഒരു കാരണവും പറയാനില്ലാതെ തികച്ചും രാഷ്ട്രീയ തീരുമാനങ്ങളാൽ മൂന്നാം സഭ പ്രതിപക്ഷം ബഹിഷ്കരിച്ചു. എന്നാൽ അവരുടെ വിദേശ രാജ്യങ്ങളിലെ സംഘടനകൾ ബഹിഷ്കരണം തള്ളിക്കളഞ്ഞുകൊണ്ട് സഭയിൽ പങ്കെടുത്തു. സർക്കാർ മാറിയാലും ഈ സംവിധാനം നിലനിൽക്കണം എന്നതാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
ഒരു സംവിധാനം അതിന്റെ യഥാർഥ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതാണ് നാലാം സഭ അവസാനിക്കുന്നതോടെ ബോധ്യമാകുന്നത് -സാദിഖ് വിശദമാക്കി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.