ഖസീം പ്രവാസി സംഘം മുഹമ്മദ് റാഫിയുടെ കുടുംബസഹായ ഫണ്ട് കൈമാറിയപ്പോൾ
ബുറൈദ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച, ഖസീം പ്രവാസി സംഘം അംഗം വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. അംഗങ്ങളായിരിക്കെ മരിക്കുന്നവരുടെ കുടുബങ്ങൾക്ക് കൈത്താങ്ങാവാൻ സംഘം ഏർപ്പെടുത്തിയതാണ് കുടുംബ സഹായ ഫണ്ട്. ബത്തേരിയിലെ സി.പി.എം ഏരിയാകമ്മറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് തുക റാഫിയുടെ കുടുംബത്തിന് കൈമാറി.
ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം സലീം കൂരിയാടന്‍ സ്വാഗതം പറഞ്ഞു. സംഘം ഏരിയാ സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ പ്രസിഡൻറ് യു.പി. അബ്ദുൽ ഗഫൂർ, സി.പി.എം സുൽത്താൻ ബത്തേരി ഏരിയാസെക്രട്ടറി പി.ആർ. ജയപ്രകാശ്, സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, ജില്ലാകമ്മിറ്റിയംഗം പി.കെ. രാമചന്ദ്രൻ തുടങ്ങിയവരും റഫീക്കിന്റെ ബന്ധുമിത്രാദികളും പരിപാടിയിൽ പങ്കെടുത്തു.
2024 ഒക്ടോബർ 28-ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ (സൂഖ് ദാഹിലിയ)യിൽനിന്നും അവശ്യസാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയിൽ പിറകിലേക്കെടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടി ഗുരുതര പരുക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 21-ാം വയസിൽ ബുറൈദയിലെത്തിയ റാഫി കഴിഞ്ഞ 32 വർഷമായി ഈ പ്രദേശത്ത് തയ്യൽ ജോലി ചെയ്യുകയായിരുന്നു.
ഖസീം പ്രവാസി സംഘം ശാര സന യൂനിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയയിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു മുഹമ്മദ് റാഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.