സൗദിയില്‍ ഗതാഗത നിയമലംഘന പിഴകൾക്ക്​ ഇളവ്​; പണമടക്കാനുള്ള കാലാവധി ആറു മാസം കൂടി നീട്ടി

റിയാദ്: സൗദിയില്‍ ഗതാഗത നിയമലംഘന പിഴകൾക്ക്​ പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ്​​ ആറുമാസത്തേക്ക്​ കൂടി നീട്ടി. ഈ വർഷം ഏപ്രില്‍ 18-വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടയ്​ക്കാൻ അനുവദിച്ച കാലാവധി വെള്ളിയാഴ്​ച (ഒക്​ടോബർ 18) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചത്. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശത്തെ തുടർന്നാണിത്​. 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ട പിഴകൾക്കായിരിക്കും​​ 50 ശതമാനം ഇളവ്​ ലഭിക്കുകയെന്ന്​​ ട്രാഫിക്​ വക്​താവ്​ കേണൽ മൻസൂർ അൽശഖ്​റ പറഞ്ഞു.

വിവിധ ട്രാഫിക്​ നിയമലംഘനങ്ങൾക്ക്​ ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടയ്​ക്കാവുന്നതാണ്. അതിനെല്ലാം ഇളവ്​ ആനുകൂല്യം ലഭിക്കും. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്നും നിബന്ധയുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാരായ വിദേശികള്‍ക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസിറ്റ്​ വിസയിലെത്തുന്നവർക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും.


വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, അമിത വേഗതയ്​ക്കും ഇളവ്​ ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ ഏപ്രില്‍ 18-ന്​ മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ്​ 50 ശതമാനം ഇളവ് ലഭിക്കുന്നത്​. അതിനുശേഷമുണ്ടാകുന്ന പിഴകളിൽ 25 ശതമാനമാണ്​ ഇളവ്​. പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്​റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. ബാങ്കുവഴിയുള്ള ഡിജിറ്റൽ പെയ്‌മെൻറ്​ സംവിധാനമായ സദാദിലും ‘ഇഫാ’ ആപ്പിലും പിഴയിളവ് സ്വമേധയാ അപ്​ഡേറ്റ്​ ചെയ്യപ്പെടും. ഇളവുകാലം പ്രയോജനപ്പെടുത്തി പിഴകള്‍ മുഴുവൻ അടച്ചുതീർക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന്​ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Fine waiver for traffic violations in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.