ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ബിസിനസ് സെമിനാറിൽ ജമാൽ ഇസ്മായിൽ സംസാരിക്കുന്നു
ജിദ്ദ: ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ 'മിസ, സാജിയ അറിയേണ്ടതും ചെയ്യേണ്ടതും' എന്ന വിഷയത്തിൽ ബിസിനസ് സെമിനാർ സംഘടിപ്പിച്ചു. ജിദ്ദ സീസൺസ് റസ്റ്റാറന്റിൽ നടന്ന സെമിനാറിൽ ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് മുൻ വൈസ് ചെയർമാൻ മാസിൻ എം. ബാറ്റർജി മുഖ്യാതിഥിയായിരുന്നു. സൗദിയിൽ വിഷൻ 2030ന്റെ ഭാഗമായി വളരെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയൊരു നിക്ഷേപ അവസരമാണ് പ്രവാസി സമൂഹത്തിന് കൈവന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിൽ അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള സാമ്പത്തിക വിദഗ്ധനും അൽ ബറക യുനൈറ്റഡ് ഫിനാൻഷ്യൽ സർവിസ് കമ്പനി കൺസൽട്ടന്റ് ജമാൽ ഇസ്മായിൽ വിഷയാവതരണം നടത്തി. സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി ബിസിനസ് മേഖലകളിൽനിന്നുള്ള 120ലധികം പ്രതിനിധികൾ പങ്കെടുത്തു. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യയിൽ ബിസിനസ്, തൊഴിൽ മേഖലകളിൽ നിരവധി പോസിറ്റിവ് മാറ്റങ്ങൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്.
സൗദിയിൽ ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപ ലൈസൻസ് എടുക്കാനുള്ള അവസരം ഒരുക്കുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തി ചെറുതും വലുതുമായ ബിസിനസുകൾ എല്ലാം മിസ കമ്പനിയായി രജിസ്റ്റർ ചെയ്ത് ഉത്തരവാദിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി കൂടുതൽ അധികാരത്തോടെ ബിസിനസ് ചെയ്യാനുള്ള ഈ സുവർണാവസരം സൗദി അറേബ്യ നൽകിയതുകൊണ്ടുതന്നെ നിയമങ്ങൾക്ക് വിധേയമായി ബിസിനസ് നിലനിർത്തിക്കൊണ്ടുപോകേണ്ടതുണ്ട്.
സൗദി സർക്കാർ പ്രവാസി നിക്ഷേപകരിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് സർക്കാർ അനുശാസിച്ച മാർഗരേഖയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ബിസിനസ് തുടർന്നും കൊണ്ടുപോകേണ്ടതുണ്ട്. കൃത്യവും വ്യക്തവുമായ ബുക്ക് കീപ്പിങ് ആൻഡ് അക്കൗണ്ടിങ്, വാറ്റ്, മറ്റു നികുതികൾ മുതലായവയെല്ലാം കൃത്യസമയത്ത് കൊടുത്ത് നിയമത്തിനു വിധേയമായിക്കൊണ്ട് എല്ലാ രേഖകളും സൂക്ഷിച്ച് ബിസിനസ് നടത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ബാലൻസ് ഷീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ, ഗോസി, ഭാവിയിൽ പിഴ ലഭിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ, വാറ്റിൽ ഭാവിയിൽ വരാൻപോകുന്ന മാറ്റങ്ങൾ, വിവിധ തരം കമ്പനികളുമായി ബന്ധപ്പെട്ട സകാത് നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായി അദ്ദേഹം സംസാരിച്ചു.
ചോദ്യോത്തര സെഷനിൽ ജമാൽ ഇസ്മായിൽ സദസ്സിനു മറുപടി നൽകി. ഫോക്കസ് സൗദി റീജ്യൻ സി.ഇ.ഒ ജരീർ വേങ്ങര സംസാരിച്ചു. ജിദ്ദ ഡിവിഷൻ ഓപറേഷൻ മാനേജർ ഷമീം വെള്ളാടത്ത് സ്വാഗതവും ഫിനാൻസ് മാനേജർ അബ്ദുൽ റഷാദ് കരുമാര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.