റിയാദ്: ഹജ്ജ് സീസൺ പ്രമാണിച്ച് നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ അടുത്തമാസം മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു. അപേക്ഷകർക്ക് ആഗസ്റ്റ് മുതൽ വിസ അനുവദിച്ചുതുടങ്ങും. അബഹ നഗരത്തിന് പടിഞ്ഞാറ് അൽഅസീസ ഗ്രാമത്തിലെ അബു ഫറജ് പൈതൃക കൊട്ടാരത്തിൽ ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജ് സീസണിൽ ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. 2019ലാണ് 44 രാജ്യങ്ങൾക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ആവശ്യമുണ്ടായതിനെതുടർന്ന് രാജ്യങ്ങളുടെ എണ്ണം 66 ആയി ഉയർത്തി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറിക്കഴിഞ്ഞുവെന്ന് ഇ-വിസയുടെ സ്വാധീനത്തെ കുറിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. ഇ-വിസ സംവിധാനത്തിലൂടെയാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സൗദി വരവേൽക്കുന്നത്.
വിനോദസഞ്ചാരത്തിനായി ഒരു വർഷം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. തുടർച്ചയായി 90 ദിവസമാണ് രാജ്യത്തിന് തങ്ങാനുള്ള അനുമതി. ഒരു വർഷത്തിനിടെ എത്ര തവണയും ഈ വിസയിൽ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരാം. എന്നാൽ രാജ്യത്ത് തങ്ങുന്ന ആകെ ദിവസങ്ങളുടെ 90 മാത്രമായിരിക്കും. എന്നാൽ ഒന്നിലധികം തവണ സന്ദർശന വിസ നേടാനുള്ള അവസരമുണ്ട്. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പോർട്ടൽ വഴിയോ സൗദി അറേബ്യയിൽ എത്തുമ്പോൾ എയർപ്പോർട്ടിലെ പാസ്പോർട്ട് സെക്ഷനിലെ ‘വിസ ഇഷ്യൂവൻസ് ഔട്ട്ലെറ്റു’കൾ വഴിയോ ഓൺലൈനായി ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കിരീടാവകാശിയുടെ നിർദേശത്തെതുടർന്ന് ടൂറിസം മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യമെല്ലാമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സൗദി സമ്പദ്വ്യവസ്ഥയിലേക്ക് വന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ടൂറിസത്തിന്റെതാണ്. കഴിഞ്ഞ വർഷം 10.9 കോടി വിനോദസഞ്ചാരികളെ എത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞു. അതിൽ രാജ്യത്തിന് പുറത്തുനിന്ന് വന്നത് 2.7 കോടി വിനോദസഞ്ചാരികളാണ്. ഇത് സൗദിയെ ലോകത്ത് 11-ാം സ്ഥാനത്തെത്തിച്ചു.
മന്ത്രാലയവും അധികാരികളും തമ്മിലുള്ള ഫലപ്രദമായ സഹകരണമാണ് ഈ വിജയത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. മതപരവും വ്യാപാരപരവുമായല്ലാതെ മറ്റാവശ്യങ്ങൾക്കും സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി വിശദീകരിച്ചു. 2024ന്റെ ആദ്യ പകുതിയിൽ ആറ് കോടി വിനോദ സഞ്ചാരികളെത്തി. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ കഴിവുകളും മനുഷ്യ വിഭവശേഷിയും ആസ്തികളും രാജ്യത്തിനുണ്ട്.
ടൂറിസം മേഖലയെ അന്താരാഷ്ട്ര രാജ്യങ്ങളുടെ നിരയിലേക്ക് കൊണ്ടുവരുന്നതിൽ രാജ്യം മുൻഗണന നൽകുന്നു. വൈവിധ്യമാർന്ന ചരിത്രവും വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ള സൗദിയെ ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നു. ഭാവിയിൽ അതിഥികൾക്ക് സൗദി സംസ്കാരം അറിയിക്കാൻ ആശ്രയിക്കാവുന്ന യുവാക്കളുടെയും യുവതികളുടെയും വലിയൊരു മനുഷ്യശേഷി രാജ്യത്തിനുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ 153 ശതമാനം വളർച്ച കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു.
ഇത് 2019ന് ശേഷം ജി 20 രാജ്യങ്ങൾക്കിടയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാക്കി സൗദിയെ മാറ്റി. പദ്ധതികളുടെ കാര്യക്ഷമതയും നടപ്പാക്കലിന്റെ കാര്യക്ഷമതയും ഇത് സ്ഥിരീകരിക്കുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയും ലോകത്തെ മുഴുവൻ ആകർഷിക്കാൻ കഴിവുള്ള ടൂറിസം കേന്ദ്രങ്ങളുമുള്ള രാജ്യത്തിന്റെ പാരിസ്ഥിതിക ശേഷിയും സാമ്പത്തിക സാധ്യതകളും ടൂറിസം മന്ത്രി വിശദീകരിച്ചു.
വാർത്താവിതരണ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽദോസരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.