റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങ മേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കും. 10 ദിവസം നീളുന്ന മേളക്ക് ആതിഥ്യമരുളാനുള്ള തയാറെടുപ്പുകൾ അൽ ഹരീഖ് ഗവർണറേറ്റ് പൂർത്തിയാക്കുന്നു. മധ്യ പ്രവിശ്യയിൽ റിയാദ് നഗരത്തിൽനിന്ന് 193 കി.മീ തെക്കുഭാഗത്തുള്ള ഉൾനാടൻ പട്ടണമായ ഹരീഖിലാണ് മേളക്ക് അരങ്ങൊരുങ്ങുന്നത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കീഴിൽ നാഷനൽ അഗ്രികൾചറൽ സർവിസസ് കമ്പനിയാണ് ഈ കാർഷികോത്സവത്തിന്റെ സംഘാടകർ. ഒമ്പതാമത് മേളയാണ് ഇത്തവണത്തേത്.
ഓറഞ്ചും മറ്റ് വിളകളുമായി കാർഷികോൽപന്നങ്ങളുടെ അതുല്യമായ വൈവിധ്യത്തിന് സാക്ഷ്യംവഹിക്കുന്നതിനാൽ ഈ മേള പ്രാദേശിക ഉൽപന്നങ്ങളുടെ നല്ലൊരു വിപണിയായി മാറി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹരീഖ് മേഖലയിലെ തോട്ടങ്ങളിൽ വിളയുന്ന 20ലധികം ഓറഞ്ചിനങ്ങളിൽപെട്ട ലക്ഷക്കണക്കിന് പഴങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിൽപനക്കുമെത്തുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഓറഞ്ചുകളിൽ ഏറ്റവും മികവുറ്റ ഇനങ്ങളാണ് ഹരീഖിൽ വിളയുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇതിന് പുറമെ പ്രാദേശിക കർഷകർ അവരുടെ കൃഷിയിടങ്ങളിൽനിന്നുള്ള മറ്റ് വിളകളും മേളയിൽ പ്രദർശനത്തിനും വിൽപനക്കുമായി അണിനിരത്തും. രാജ്യത്തെ മറ്റ് വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരീഖ് മേളയിൽ ഈ കാർഷികോൽപന്നങ്ങളെല്ലാം പ്രദർശിപ്പിക്കുന്നത്.
മേളയിലെത്തുന്ന മൊത്ത, ചില്ലറ കച്ചവടക്കാരും സാധാരണ ജനങ്ങളുമെല്ലാം വൻതോതിൽ ഇവ വാങ്ങിക്കൊണ്ടുപോകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുംനിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ പത്തുദിവസത്തെ മേളയിലെത്തുക പതിവാണ്. പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ആളുകൾ വരാറുണ്ട്. മേള സന്ദർശിക്കുന്നവരിൽ സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരും ചെറുകിടക്കാരും വൻകിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്ന മേളയാണെന്ന് പറയപ്പെടാൻ കാരണം അതാണ്.
ഹരീഖിലെ 350 ഓറഞ്ച് തോട്ടങ്ങളിൽ ആകെയുള്ള 94,000 മരങ്ങളിൽനിന്ന് പ്രതിവർഷം വിളയുന്നത് 5,000 ടൺ പഴങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ അബു സുറ, വലൻസിയ ‘സമ്മർ’, ബുർതുകാൽ സുക്കരി, ഷമൂത്വി എന്നീ ഓറഞ്ചുകളാണ്. കൂടാതെ ഡാലിയ നാരങ്ങ, പോമെലോ നാരങ്ങ, ടാൻജെറിൻ നാരങ്ങ, ലിമോക്വാറ്റ്, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെറുമധുരനാരങ്ങകൾ, മാൻടറിൻ ഓറഞ്ച്, അബൂ ശബ്ക ഓറഞ്ച്, ക്വിനോവ ഓറഞ്ച്, ക്ലെമൻ്റൈൻ ഓറഞ്ച് എന്നിവയും പ്രദേശത്ത് ഉൽപാദിപ്പിക്കുന്നതിൽപെടും. അത്യപൂർവ ഇനങ്ങൾ ഉൾപ്പെടെ വിവിധതരം നാരങ്ങ വിളയുന്ന തോട്ടങ്ങളും മേളക്കെത്തുന്നവർ സന്ദർശിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.