ജുബൈൽ: സ്ഥിരോത്സാഹവും പ്രതിഭയും കൊണ്ട് യുവതലമുറയിലെ മലയാള ചലച്ചിത്ര അഭിനേതാക്കളിൽ ഏറെ ശ്രദ്ധേയനായ ആസിഫ് അലിയുടെ സൗദിയിലെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ദമ്മാമിൽ അരങ്ങേറിയ ‘ഹാർമോണിയസ് കേരള’.
ആദ്യ ഇന്ത്യൻ അന്താരാഷ്ട്ര ദിനപത്രമായ ‘ഗൾഫ് മാധ്യമം’ പ്രവാസി മലയാളികൾക്കായി കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ഒരുമയുടെ മഹോത്സവത്തിൽ ആസിഫ് അലി ദമ്മാം ലൈഫ് പാർക്കിലെ ആംഫി തിയറ്ററിൽ തിങ്ങിനിറഞ്ഞ പ്രവാസി ആസ്വാദകരുടെ ഹൃദയം കവർന്നു.
മലയാള സിനിമയിൽ 15 വർഷം പൂർത്തിയാക്കുന്ന ആസിഫ് അലിയുടെ ആഘോഷ പ്രഖ്യാപനം കൂടിയായിരുന്നു അത്. മലയാള സിനിമയിലെ കാരണവർ മധു പോലും ഏറെ പ്രശംസിച്ച ചലച്ചിത്ര പ്രതിഭയാണ് ആസിഫ് അലി. സിനിമകൾ കൊണ്ട് മാത്രമല്ല, സ്വഭാവ മഹിമ കൊണ്ടും മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറി കഴിഞ്ഞു തൊടുപുഴക്കാരനായ ഈ അതുല്യ കലാകാരൻ.
ആംഫി തിയറ്ററിന്റെ ഓരോ ഭാഗങ്ങളിൽനിന്നും ഉയർന്ന ആരാധകരുടെ ആരവങ്ങൾക്കിടയിലൂടെയാണ് മിഥുൻ രമേഷ് ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിച്ചത്. ആസിഫിന്റെ അഭിനയജീവിതത്തിന്റെ വെല്ലുവിളി നിറഞ്ഞ ആദ്യഘട്ടങ്ങളെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.
ശ്യാമപ്രസാദിന്റെ ‘ഋതു’വിൽനിന്ന് ആരംഭിച്ച അഭിനയയാത്ര 15 വർഷം തികച്ചിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിൽ 2024 ഏറെ പ്രാധാന്യമുള്ള വർഷമാണെന്ന് ആസിഫ് അലി പറഞ്ഞു. സെപ്റ്റംബറിൽ റിലീസായ ‘കിഷ്കിന്ധാ കാണ്ഡം’ ഉൾപ്പെടെയുള്ള സിനിമകൾ ഏറെ അഭിനയ പ്രാധാന്യമുള്ളവയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധു ബാലകൃഷ്ണന്റെയും സിതാരയുടെയും നേതൃത്വത്തിൽ യുവഗായകരും സ്റ്റാർ സിംഗർ റിയാലിറ്റി ഷോ ഫൈനലിസ്റ്റുകളായ അരവിന്ദും ദിഷയും ശ്രീരാഗും നന്ദയും ബൽറാമും രാഗതാളങ്ങളിൽ മതിമറന്ന് അരങ്ങുവാഴുമ്പോൾ ആസിഫ് അലി കടുത്ത തണുപ്പിനിടയിലും കാണികൾക്കൊപ്പം ആവേശാരവങ്ങൾ സൃഷ്ടിച്ച് നിറഞ്ഞുനിന്നു.
പ്രശസ്ത നടിയും അഭിമുഖങ്ങളിലെ തഗ് മറുപടികളിലൂടെ ഹരമായി മാറുകയും ചെയ്ത നിഖില വിമലിനൊപ്പമുള്ള കോംബോ സെഷനും ഏറെ രസകരമായിരുന്നു. ആംഫി തിയറ്ററിന്റെ ഓരോ ഭാഗത്തേക്കും ആസിഫ് അലി നടന്നുചെല്ലുമ്പോൾ കാണികൾ ആർത്തുവിളിക്കുന്നത് കേൾക്കാമായിരുന്നു.
സെൽഫിയെടുക്കാനായി ഓടിയെത്തിയ ആരാധകവൃന്ദത്തെ തടഞ്ഞ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ സ്നേഹത്തിൽ പൊതിഞ്ഞ ശാസനക്കിടയിലും ഒരാളെയും നിരാശരാക്കാൻ അദ്ദേഹം തുനിഞ്ഞില്ല. സ്നേഹം കൈയൊപ്പ് ചാർത്തിയ നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം തന്നെ സെൽഫി എടുത്ത് നൽകുന്ന കാഴ്ച മനസ്സ് കുളിർപ്പിക്കുന്നതായിരുന്നു.
ഈയിടെ കലാരംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു വ്യക്തിയുമായി നടന്ന ഏറെ വിവാദമായ വിഷയത്തിൽ അദ്ദേഹം പുലർത്തിയ മിതത്വവും മാന്യതയും വളർന്നുവരുന്ന താരങ്ങൾക്കെല്ലാം മാതൃകയാണ്. ‘ആദംസ് വേൾഡ് ഓഫ് ഇമേജിനേഷൻ’ സിനിമ പ്രൊഡക്ഷൻ കമ്പനിയും അദ്ദേഹത്തിന്റേതായുണ്ട്. ‘സാൾട്ട് ആൻഡ് പെപ്പർ’, ‘ഓർഡിനറി’ തുടങ്ങി നിരവധി വിജയചിത്രങ്ങളാണ് ആസിഫ് അലിയിലൂടെ മലയാള സിനിമക്ക് ലഭിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ മലയാളിസമൂഹം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഘോഷത്തിന്റെ നേർക്കാഴ്ചയായിരുന്നു ആംഫി തിയറ്ററിൽ അരങ്ങേറിയത്. മഹേഷ് കുഞ്ഞുമോന്റെ സ്പോട്ട് ഡബ്ബിങ് പരിപാടി കാണികളെ വിസ്മയിപ്പിച്ചു. ഏഴായിരത്തോളം കാണികൾക്ക് ആദ്യവസാനം ആസ്വാദനം സമ്മാനിച്ചാണ് പരിപാടി പര്യവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.