യാത്രക്കാരുടെ കൈവശം 60,000 റിയാലിൽ കൂടുതലുണ്ടെങ്കിൽ സത്യവാങ്മൂലം നൽകണം

ബുറൈദ: സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ കൈവശം വെക്കുന്ന തുകയോ വിപണിമൂല്യമുള്ള വസ്തുക്കളോ 60,000 റിയാലോ അതിൽ കൂടുതലോ ആണെങ്കിൽ ഇനി മുതൽ അത് സംബന്ധിച്ച സത്യവാങ്മൂലം അധികൃതർക്ക് നൽകേണ്ടിവരും. വിമാനത്താവളം, തുറമുഖം എന്നിവ വഴി വന്നുപോകുന്നവർക്കും റോഡ് വഴി അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്കും മാത്രമല്ല രാജ്യത്തിന് പുറത്തേക്ക് സാധന സാമഗ്രികൾ അയക്കാൻ പോസ്റ്റൽ, കൊറിയർ മാർഗങ്ങൾ അവലംബിക്കുന്നവർക്കും പുതിയ നിബന്ധന ബാധകമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

വിമാനത്താവളം, തുറമുഖം, അതിർത്തി പരിശോധനാ കേന്ദ്രം എന്നിവടങ്ങളിലുള്ള കസ്റ്റംസ് വിഭാഗത്തിലെ സക്കാത്ത് ആൻഡ് ടാക്‌സ് അധികൃതർക്കാണ് യാത്രികർ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. പോസ്റ്റൽ കൊറിയർ സർവിസുകളെ ആശ്രയിക്കുന്നവർ അതത് പ്രദേശത്തെ ഓഫീസുകളിലെത്തി ഇത് നൽകണം. സൗദി റിയാൽ, വിദേശ കറൻസികൾ എന്നിവ കൂടാതെ സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ, ആഭരണങ്ങൾ, വൈരക്കല്ലുകൾപോലെ വിലപിടിപ്പുള്ള വസ്തുക്കൾ, വിപണിമൂല്യമുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം തന്നെ ഇപ്പറഞ്ഞ മൂല്യപരിധിയിൽ ഉൾപ്പെടും.

സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുന്ന പക്ഷം വിലപിടിപ്പുള്ള വസ്തുക്കളും ഉപകരണങ്ങളും രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത യാത്രികർ വെളിപ്പെടുത്തണം. സംശയം തോന്നുന്ന വസ്തുക്കളും കറൻസിയും 72 മണിക്കൂർ നേരം കസ്റ്റഡിയിൽ വെച്ച് അന്വേഷണം നടത്താനും നിയമലംഘനം ബോധ്യപ്പെട്ടാൽ ഇവ കണ്ടുകെട്ടി കേസ് രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും പബ്ലിക് പ്രോസിക്യുഷൻ അറിയിച്ചു.

Tags:    
News Summary - If the passengers have more than 60000 riyals they must give an affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.