റിയാദ്: തലസ്ഥാന നഗരിയെ വിനോദത്തിെൻറ വിസ്മയലോകത്തേക്ക് ആനയിക്കുന്ന റിയാദ് സീസണിൽ വിപുല പരിപാടികളുമായി ഇന്ത്യൻ സാംസ്കാരികോത്സവവും. റിയാദ് സീസെൻറ 14 വേദികളിലൊന്നായ സുവൈദി പാർക്കിൽ ഞായറാഴ്ച മുതൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളുടെ സാംസ്കാരിക ആഘോഷങ്ങൾ നടക്കുമെന്ന് സംഘാടകരായ ജനറൽ എന്റർടെയിൻമെന്റ് അതോറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയെ കൂടാതെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, യമൻ, സുഡാൻ, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ കലാസാംസ്കാരിക പരിപാടികളാണ് ഒക്ടോബർ 13 മുതൽ നവംബർ 30 വരെ അരങ്ങേറുക.
തുടക്കം ഇന്ത്യൻ സാംസ്കാരികോത്സവത്തോടെയാണ്. ഈ മാസം 13 മുതൽ 21 വരെയുള്ള ആദ്യത്തെ ഒമ്പത് ദിവസമാണ് ഇന്ത്യയുടേത്. 21 മുതൽ 25 വരെ ഫിലിപ്പീൻസ്, 26 മുതൽ 29 വരെ ഇന്തോനേഷ്യ, 30 മുതൽ നവംബർ രണ്ട് വരെ പാകിസ്താൻ, നവംബർ മൂന്ന് മുതൽ ആറ് വരെ യമൻ, ഏഴ് മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ, 20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് ഒരോ രാജ്യങ്ങളുടെയും തനത് സാംസ്കാരിക പരിപാടികൾ അരങ്ങേറുക. സുവൈദി പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. webook.com എന്ന വെബ്സൈറ്റോ ആപ്പോ വഴി ഫ്രീ ടിക്കറ്റ് എടുക്കാം.
ആഗോള സംസ്കാരങ്ങളുടെ വിനിമയ വേദിയിലേക്ക് സ്വദേശികളും വിദേശികളും ഉൾപ്പെടെ പതിനായിരങ്ങൾ സന്ദർശകരായെത്തും. ഓരോ രാജ്യത്തിെൻറയും വ്യത്യസ്ത മേഖലയിലെ സംസ്കാരങ്ങൾ ഭക്ഷണശാലകൾ, ആർട്ട് പ്രദർശനം, നൃത്തം, സംഗീതം, പൈതൃകം തുടങ്ങി എല്ലാ കലാ സാംസ്കാരിക വൈവിധ്യങ്ങളും വേദിയിൽ അരങ്ങേറും.
വ്യത്യസ്ത ദേശക്കാരായെത്തുന്ന കാഴ്ചക്കാരിലേക്ക് രാജ്യത്തെ പരിചയപ്പെടുത്താനുള്ള അപൂർവ അവസരം കൂടിയാണ് സുവൈദി പാർക്ക് വേദി വഴി റിയാദ് സീസൺ സമ്മാനിക്കുന്നത്.
ഒമ്പത് ദിവസം നീളുന്ന ഇന്ത്യൻ സാംസ്കാരികോത്സവത്തിന് വലിയ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലാകെ ഏകദേശം 25 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.
ഇതിൽ വലിയൊരു വിഭാഗം തലസ്ഥാന നഗരിയായ റിയാദിലുണ്ട്. സൗദിയിൽ സാംസ്കാരിക കലാസംഘടനകൾ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. സംസ്ഥാനങ്ങൾക്കും ജില്ലക്കും കൂട്ടായ്മകളുണ്ട്. പുറമെ നാട്ടുകൂട്ടങ്ങളും രാഷ്ട്രീയ സംഘടനകളും വേറെയുമുണ്ട്. എല്ലാവരുടെയും സംഗമഭൂമി കൂടിയായി മാറും സുവൈദി പാർക്ക്.
റിയാദ് സീസണിെൻറ പ്രധാനവേദി ബോളിവാഡ് ആണെങ്കിലും സുവൈദി പാർക്കിലേക്ക് പ്രവേശനം സൗജന്യമാകുന്നതോടെ സാധാരണക്കാരുടെ പ്രധാനയിടം ഈ വേദിയാകും.
വേനലിൽനിന്ന് തണുപ്പിലേക്ക് മാറുന്ന ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയാണ് റിയാദിൽ ഇപ്പോഴുള്ളത്. വിനോദ വിസ്മയങ്ങളുടെ വരാനിരിക്കുന്ന ദിനങ്ങൾ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ ഉൾപ്പടെയുള്ള ആബാലവൃദ്ധം. അതിഥികളായി ശ്രീശാന്തും ഉംറാൻ മാലിക്കും
സുവൈദി പാർക്കിലെ ഇന്ത്യൻ ദിനങ്ങൾക്ക് ആവേശം പകരാൻ പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്തും ഉംറാൻ മാലിക്കും എത്തും. ബോളിവുഡ് സംഗീതജ്ഞനായ ഹിമേഷ് രേഷ്മിയയും പ്രമുഖ ഇന്ത്യൻ ഹിപ് ഹോപ് റാപ്പർ എമിവേ ബൻതായ് എന്ന ബിലാൽ ശൈഖും സുവൈദി പാർക്കിൽ പാടും.
ഒക്ടോബർ 14നാണ് ഉംറാൻ മാലിക് എത്തുക. 18ന് ഹിമേഷ് രേഷ്മിയയും 19ന് എമിവേ ബൻതായിയും 20ന് ശ്രീശാന്തും സുവൈദി പാർക്കിലെ ഇന്ത്യൻ ഉത്സവത്തിൽ ആരാധകരെയും ആസ്വാദകരെയും കാണാനെത്തും. സൗജന്യമാണെങ്കിലും നേരത്തേ ടിക്കെറ്റെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല.
സൗദിയിൽ ഏറെ ആരാധകരുള്ള പാകിസ്താൻ ക്രിക്കറ്റർമാരായ ശുഹൈബ് മാലിക്കും സർഫറാസ് അഹ്മദും പാകിസ്താൻ വേദിയിലെത്തും. ഒക്ടോബർ 30നാണ് ശുഹൈബ് റിയാദിൽ ആരാധകർക്ക് മുന്നിലെത്തുക. നവംബർ രണ്ടിന് സർഫറാസും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.