റിയാദ്: റിയാദ് പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്കരണ പരിപാടികൾ ആരംഭിക്കുന്നതിന് നടപടികളായി. ഇതുസംബന്ധിച്ച ധാരണാപത്രങ്ങൾ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസും മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹിയും ഒപ്പുവെച്ചു. ഗവർണറുടെ ഒാഫിസിലായിരുന്നു ചടങ്ങ്.
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായി. റിയാദ് പ്രവിശ്യയിലെ സ്വദേശിവത്കരണ നടപടികൾക്കായി ആവിഷ്കരിച്ച പദ്ധതികളും പുതിയ തൊഴിൽചട്ടങ്ങളും നിലവിലെ തൊഴിലുകളും തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകളും സ്വകാര്യമേഖലയുമായി സഹകരിച്ചുള്ള സ്വദേശിവത്കരണ പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദീകരിക്കുന്ന വിഡിയോ ഗവർണർക്ക് കാണിച്ചുകൊടുത്തു. ഗവർണറേറ്റിന് കീഴിലെ സ്വദേശിവത്കരണ പരിപാടികൾ ഇരുവരും ചർച്ചചെയ്തു. സ്വദേശിവത്കരണ പദ്ധതികൾ ആരംഭിക്കുക, പ്രത്യേക ജോലികളിൽ പൗരന്മാർക്ക് വേണ്ട പിന്തുണ നൽകുക, നിലവാരവും കഴിവുകളും ഉയർത്തുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സഹായകമായ വിധത്തിൽ തൊഴിൽവിപണി ശാക്തീകരിക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
മാനവവിഭവശേഷി മന്ത്രാലയവും റിയാദ് ഗവർണറേറ്റും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുക. ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽസുദൈരി, ഗവർണറേറ്റ് വികസനകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സഉൗദ് ബിൻ അബ്ദുൽ അസീസ് അൽഉറൈഫി, ഗവർണറേറ്റ് സ്വദേശിവത്കരണ ജനറൽ സെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽഅമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.