ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ജിദ്ദ: ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 വ്യാഴാഴ്ച വൈകീട്ട് 4 മുതൽ 6 മണി വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, മറ്റു കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

നേരത്തെ ബുക്കിങ് ഇല്ലാതെ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കാവുന്നതാണെന്ന് കോൺസുലേറ്റ് അറിയിച്ചു.

ജോലി സ്ഥലത്ത് അനുഭവപ്പെടുന്ന വിവിധ പ്രയാസങ്ങൾ, അന്യായമായി ജോലിയിൽ നിന്നും ഹുറൂബ് ആക്കൽ, വിസ റദ്ദാക്കൽ, ശമ്പളം ലഭിക്കാതിരിക്കൽ, സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കൽ, ഇഖാമ ലഭിക്കാതിരിക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യൽ, ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾക്ക് കോൺസുലേറ്റിന്റെ ഭാഗത്തു നിന്നുള്ള നിയമപരമായ സഹായം ലഭ്യമാക്കൽ ലക്ഷ്യം വെച്ചുകൊണ്ടാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്.

നിരവധി പ്രവാസികളാണ് വിവിധ പ്രശ്നങ്ങളുമായി ദിനംപ്രതി കോൺസുലേറ്റിൽ എത്തുന്നത്. അത്തരം പ്രശ്നങ്ങൾ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ബോധിപ്പിക്കാനുള്ള അവസരം എന്ന നിലക്ക് ഓപ്പൺ ഹൗസ് ഇന്ത്യൻ സമൂഹത്തിന് വലിയ സഹായകരമാവുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Jeddah hosts an open house at the Indian Consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.