ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി കുടുംബസുരക്ഷ പദ്ധതി അംഗത്വ കാമ്പയിൻ, അബൂബക്കർ മാസ്റ്റർക്ക് അപേക്ഷഫോറം കൈമാറി റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിക്കുകീഴിൽ പുതുവർഷത്തേക്കുള്ള കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന് തുടക്കമായി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രവാസ വിരാമ പദ്ധതി അടക്കം വിവിധ ആനുകൂല്യങ്ങൾ കുടുംബസുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയത് പദ്ധതി വൻ വിജയമാക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ അപേക്ഷഫോറം കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർക്ക് കൈമാറി പദ്ധതിക്ക് തുടക്കംകുറിച്ചു. പരിപാടിയിൽ എം.എം. ഇർഷാദ് മോട്ടിവേഷൻ ക്ലാസെടുത്തു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സുരക്ഷ പദ്ധതി വിശദീകരിച്ചു.
പദ്ധതിയിൽ ചേർന്ന് പ്രവാസം നിർത്തി മടങ്ങുന്ന പ്രവാസിക്ക് 25,000 രൂപ വരെ നൽകുന്ന പദ്ധതിയും, ജീവിച്ചിരിക്കെ ജോലി ചെയ്യാൻ സാധിക്കാത്ത രൂപത്തിൽ അപകടത്തിൽ പെടുന്നവർക്ക് ഒരുലക്ഷം രൂപ നൽകുന്ന പദ്ധതിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 34 ആളുകൾ പ്രവാസ വിരാമപദ്ധതി ഉപയോഗപ്പെടുത്തിയതായും ജിദ്ദയിൽ മരിച്ച എട്ടോളം പേർക്ക് മരണാനന്തര സഹായവും 25 ഓളം പേർക്ക് ചികിത്സ ആനുകൂല്യങ്ങളും നൽകിയതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച സുരക്ഷ പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ പറഞ്ഞു. സാബിൽ മമ്പാട് സ്വാഗതവും സുൽഫീക്കർ ഒതായി നന്ദിയും പറഞ്ഞു. നാസർ കാടാമ്പുഴ ഖിറാഅത്ത് നടത്തി. ജലാൽ തേഞ്ഞിപ്പലം, വി.വി. അശ്റഫ്, അബ്ബാസ് വേങ്ങൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.