ചെങ്കടലിൽ സൗദിയുടെ പടിഞ്ഞാറൻ നാവികസേനയുടെ സംയുക്ത പരിശീലനം 'റെഡ് വേവ്-5' ആരംഭിച്ചു

യാംബു: സൗദിയുടെ പടിഞ്ഞാറൻ നാവികസേനയുടെ ആഭിമുഖ്യത്തിൽ അതിർത്തി രാജ്യങ്ങളുടെ കൂടി സഹകരണത്തോടെ സംയുക്ത നാവികാഭ്യാസ പരിശീലന പരിപാടി പടിഞ്ഞാറൻ ചെങ്കടലിൽ ആരംഭിച്ചു. 'റെഡ് വേവ് 5' എന്ന പേരിൽ നടക്കുന്ന അഭ്യാസ പ്രകടന പരിശീലന പരിപാടികളിൽ ചെങ്കടലിന്റെയും ഏദൻ ഉൾക്കടലിന്റെയും അതിർത്തിയിലുള്ള ജോർദൻ, ഈജിപ്ത്, സുഡാൻ, ജിബൂട്ടി, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാവികസേനാ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.

അധുനിക യുദ്ധക്കപ്പലുകളും ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ് സംയുക്ത നാവികാഭ്യാസം മികവുറ്റതാക്കുന്നത്. സൊമാലിയ നാവിക സേന, റോയൽ സൗദി ലാൻഡ് ഫോഴ്‌സ്, എയർഫോഴ്‌സ്,അതിർത്തി സേനാവിഭാഗം,നാവിക സേന എന്നിവരുടെയെല്ലാം വലിയ പങ്കാളിത്തം പരിശീലനക്കളരിയിൽ ഉണ്ട്.


ചെങ്കടലിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റ സുരക്ഷ കൈവരിക്കുക, സൈനിക സഹകരണം വർധിപ്പിക്കുക, നാവിക പ്രവർത്തനങ്ങളിലെ പരസ്‌പര ആശയങ്ങൾ കൈമാറുക, വിവിധ രാജ്യങ്ങളിലെ സേനകൾക്കുണ്ടായ യുദ്ധാനുഭവങ്ങൾ പരസ്പരം കൈമാറുക എന്നിവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് 'വെസ്റ്റേൺ ഫ്ലീറ്റി' ന്റെ കമാൻഡറും, അഭ്യാസ പ്രകടനത്തിന്റെ നായകനുമായ നാവിക സേനാധിപധി യഹ്‌യ ബിൻ മുഹമ്മദ് അസിരി വിശദീകരിച്ചു.

ചെങ്കടലിന്റെ പ്രധാന സാമ്പത്തിക മേഖലയെന്ന നിലയിൽ ലോക രാജ്യങ്ങൾക്ക് ചെങ്കടലിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമുദ്ര സുരക്ഷയും ചെങ്കടലിൽ ജലഗതാഗതത്തിന്റെ പൂർണ സുരക്ഷയും കൈവരിക്കുന്നതിനുള്ള തന്ത്രപരമായ ലക്ഷ്യം കൂടി ഈ പരിശീലനത്തിന്റെ പിന്നിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളുടെ വേറിട്ട തന്ത്രങ്ങളും സുരക്ഷക്കായി അവരുടെ മഹത്തായ സന്നദ്ധതയും ഉപയോഗപ്പെടുത്താനും പ്രോത്‌സാഹിപ്പിക്കുവാനും 'റെഡ് വേവ് 5' പരിശീലന പരിപാടി വഴിവെക്കും. വിവിധ രാജ്യങ്ങളുമായി സൗദി ഉണ്ടാക്കിയെടുത്ത സൗഹാർദ്ദ പൂർണമായ സഹവർത്തിത്വം കൂടുതൽ ശക്തിപ്പെടുത്താനും സംയുക്ത സേനാഭ്യാസം ഏറെ ഉപകരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - joint exercise of Saudi Western Navy in the Red Sea has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.