ജിദ്ദ: ‘സാഹോദര്യത്തിന്റേതാണ് മലയാളമണ്ണ്; വെറുപ്പിന്റെ വിത്തുകൾ നമുക്ക് വേണ്ട’ എന്ന ശീർഷകത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ പ്രവാസി സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് സ്നേഹ സദസ്സ് സംഘടിപ്പിച്ചു. കെ.എൻ.എം ട്രഷറർ മുഹമ്മദ് നൂരിഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ വ്യത്യസ്ത ആദർശ മത ആചാരങ്ങളിൽ നിന്നുകൊണ്ട് തന്നെ സൗഹൃദത്തോടെ കഴിയേണ്ടതുണ്ടെന്നും ‘കേരള സ്റ്റോറി’ സിനിമയുടെ പേരിൽ ഫാഷിസ്റ്റ് ശക്തികൾ ഉയർത്തിവിടുന്ന വർഗീയധ്രുവീകരണ ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം വൈസ് പ്രസിഡന്റ് മുഹമ്മദ് അനസ് മൗലവി ആമുഖ പ്രഭാഷണം നടത്തി. പച്ചക്കള്ളം പ്രചരിപ്പിക്കുന്ന സിനിമകൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടം സ്വന്തം രാജ്യത്തെ തന്നെ അവഹേളിക്കുകയാണെന്നും ഇതിനെതിരെ പൊതുബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുറഹ്മാൻ യൂസഫ് ഫദ്ൽ, ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ, കെ.എം.സി.സി ഉപാധ്യക്ഷൻ ഇസ്ഹാഖ് പൂണ്ടോളി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സക്കീർ എടവണ്ണ എന്നിവർ ആശംസാപ്രസംഗം നടത്തി. എം.എം. അക്ബർ സമാപന പ്രസംഗം നിർവഹിച്ചു. കേരളത്തിന്റെ കേളികേട്ട സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റേയും കെട്ടുറപ്പിനെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും വൈസ് പ്രസിഡന്റ് നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.