ദമ്മാം: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ദമ്മാം ഒ.ഐ.സി.സി അനുശോചിച്ചു. സമാനതകളില്ലാത്ത സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കും കരുത്തിനും അടിസ്ഥാനമിട്ട സാമ്പത്തിക ചാണക്യനാണ് മൻമോഹൻ സിങ്. മതേതരത്വവും ജനാധിപത്യമൂല്യങ്ങളും ജീവശ്വാസമാക്കിയ നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരായ അടിസ്ഥാന വർഗത്തെ പുരോഗതിയിലേക്ക് കൊണ്ടുവരുന്നതിന് നിരവധി നിയമനിർമാണങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടുണ്ട്.
വിവരാവകാശ നിയമത്തിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയായിരുന്നു മൻമോഹൻ സിങ് നിയമമാക്കിയത്. ഇത് പൊതുരംഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവരാവകാശ നിയമം 2005ൽ പ്രാബല്യത്തിൽ വന്നതോടെ സർക്കാറിന്റെയും സർക്കാർ സംവിധാനങ്ങളുടെയും വിവരങ്ങൾ മറച്ചുവെക്കാൻ അധികാരികൾക്ക് സാധിക്കാതെയായി. ഇതോടെ സർക്കാറുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണ പൗരനും ലഭിച്ചു.
രാജ്യത്ത് ആറ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മൻമോഹൻ സിങ്ങായിരുന്നു. ഇതുകൂടാതെ ഭക്ഷ്യ സുരക്ഷാനിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട് തുടങ്ങിയവയും അദ്ദേഹം നടപ്പാക്കി. ലോക്പാൽ, ലോകായുക്ത ആക്ട് തുടങ്ങിയ നിയമങ്ങളും നടപ്പാക്കിയത് മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹം ഭരണത്തിലിരുന്നപ്പോഴായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കാനും അദ്ദേഹം പ്രവർത്തിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹത്തെ ഉൾപ്പെടുത്തി അനുശോചനയോഗം ഞായറാഴ്ച വൈകീട്ട് ഏഴിന് ദമ്മാം ബദ്ർ അൽറാബി ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി റീജനൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇ.കെ. സലിം അറിയിച്ചു.
ജുബൈൽ: ഇന്ത്യയെ ലോകത്തിന് മുന്നിൽ ഇന്നത്തെ നിലയിൽ എത്തിക്കാൻ പ്രയത്നിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിങ് എന്ന് ഒ.ഐ.സി.സി ഗ്ലോബൽ അംഗം അഷ്റഫ് മൂവാറ്റുപുഴ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 33 വർഷം രാജ്യസഭയിൽ അംഗമായിരുന്ന അദ്ദേഹം അവസാന സമ്മേളനത്തിൽ പങ്കെടുത്തത് വീൽ ചെയറിലായിരുന്നു. മൻമോഹൻ സിങ്ങിന്റെ പ്രത്യേകതയായി വിശേഷിപ്പിക്കുന്നത്, പ്രധാനമന്ത്രിയായി 10 വർഷം രാജ്യത്തെ നയിച്ചപ്പോഴും തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരോടും ഉദ്യോഗസ്ഥരോടും എപ്പോഴും ഓർമപ്പെടുത്തിയിരുന്ന കാര്യം എന്ത് പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോഴും രാഷ്ട്രത്തിലെ ഏറ്റവും പാവപ്പെട്ട ജനതയായിരിക്കണം മുന്നിൽ എന്നായിരുന്നു.
പാവപ്പെട്ടവർക്കും കർഷകർക്ക് നേരിട്ടും പ്രയോജനങ്ങൾ ലഭിക്കുന്ന പദ്ധതികൾ, ഭക്ഷ്യസുരക്ഷ പദ്ധതി, പൗരന്റെ അറിയാനുള്ള അവകാശം ഇതെല്ലാം മൻമോഹൻ സിങ്ങിന്റെ മറക്കാത്ത സ്മരണകളായി രാജ്യം എന്നെന്നും വാഴ്ത്തും. മലയാളി സമൂഹത്തോടും പ്രവാസികളോടും പ്രത്യേകം താൽപര്യം കാണിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. കോൺഗ്രസ് മൻമോഹൻ സിങ്ങിന് നിരവധി അവസരങ്ങൾ നൽകുകയും അദ്ദേഹം അത് പ്രയോജനപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 10 വർഷകാലത്തെ രാജ്യത്തെ അസഹിഷ്ണുതയോടെയുള്ള ഭരണത്തിൽ മനം നൊന്താണ് മൻമോഹൻ സിങ് വിടവാങ്ങുന്നതെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ്: ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അനുശോചിച്ചു. ഉദാരവത്കരണ ഇന്ത്യയുടെ ഏറ്റവും മികച്ച ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത സൗമ്യനായ നേതാവായിരുന്നു അദ്ദേഹം എന്നും പ്രസിഡൻറ് സിഞ്ചു റാന്നി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
യാംബു: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യാംബു ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ, ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അഷ്കർ വണ്ടൂർ, യാംബു ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി, മുജീബ് പൂവച്ചൽ, അബ്ദുന്നാസർ കുറുകത്താണി, ശമിൽ, റിയാസ് മോൻ, ശിജേഷ് കളരിയിൽ, ശരത് നായർ എന്നിവർ സംസാരിച്ചു.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ച ദീർഘ ദർശിയായ മൻമോഹൻ സിങ്ങിന്റെ വിടവാങ്ങൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.