റിയാദ്: ഈ മാസം 17-ന് തുടക്കം കുറിക്കുന്ന മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാളിൽ പ്രവാസ കേരളത്തിന്റെ ഫുട്ബാൾ ജ്വരം അളക്കുവാനായി അവരുടെ സ്വന്തം ആശാൻ നേരിട്ടെത്തുന്നു. സെർബിയൻ പ്രഫഷനൽ ഫുട്ബാൾ മുൻ താരവും മാനേജരും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഖ്യ പരിശീലകനുമായിരുന്ന ഇവാൻ വുകോമനോവിച്ചാണ് സൂപ്പർ കപ്പിന്റെ ഉദ്ഘാടകനായി റിയാദിലെത്തുന്നത്. ആശാന്റെ വരവോടെ കളിയിടം വേറെ ലെവലിലെത്തുമെന്ന് ഫുട്ബാൾ കമ്പക്കാർ കണക്കുകൂട്ടുന്നു.
ടൂർണമെൻറിലെ ഓരോ കളിക്കാരനും ആവേശപൂർവമാണ് ഇവാൻ വുകോമനോവിച്ചിന്റെ ആഗമനം കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനെ ശക്തവും ജനപ്രിയവുമായ ഒരു ടീമാക്കി മാറ്റുന്നതിൽ ഏറെ പ്രയത്നിച്ച പരിശീലകനാണ് അദ്ദേഹം. കേവലം ഒരു ട്രെയിനറും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ഹൃദയബന്ധം അവർക്കിടയിലുണ്ട്. അതുകൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്ന് വിളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത 2021-22 സീസണിൽ ടീമിനെ ഐ.എസ്.എൽ ഫൈനലിൽ എത്തിച്ച ഇവാൻ വുകോമനോവിച്ച് പിന്നീടുള്ള രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിൽ എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ കൂടിയാണ് ഇവാൻ വുകോമനോവിച്ച്. ക്ലബിനെ തുടർച്ചയായ മൂന്ന് സീസണുകളിൽ പരിശീലിപ്പിക്കുന്ന ഏക പരിശീലകനും ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിക്കൊടുത്ത കോച്ചുമാണ് അദ്ദേഹം.
ജന്മം കൊണ്ട് സെർബിയക്കാരനാണെങ്കിലും തനി മലയാളിയായി പലപ്പോഴും അദ്ദേഹം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഈയടുത്തുതന്നെ മലയാളി വേഷത്തിലുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ബനിയനും കൈലിയും തോൾമുണ്ടും ധരിച്ച് വയലിന് സമീപമുള്ള റോഡുവഴി സൈക്കിളിൽ സഞ്ചരിക്കുന്ന ആശാനെ കൗതുകത്തോടെയാണ് കേരളീയർ കണ്ടത്.
കാലിൽ ഹവായ് ചെരിപ്പ് കൂടിയായതോടെ സെർബിയൻ പൗരനാണെന്ന് തോന്നിയതേയില്ല. റിയാദിലെ സുലൈ അൽ മുതവ ഫുട്ബാൾ അക്കാദമി സ്റ്റേഡിയത്തിൽ ഈ മാസം 18-ന് നടക്കുന്ന മീഡിയ വൺ സൂപ്പർ കപ്പ് സീസൺ ത്രീ ഔപചാരിക ഉദ്ഘാടനം നിർവഹിക്കാനാണ് ഇവാൻ വുകോമനോവിച്ച് ക്രയോഷ്യയിൽനിന്നും റിയാദിലെത്തുന്നത്. റിയാദ് ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ പുതിയൊരു അധ്യായമായിരിക്കും ഈ സന്ദർശനം രേഖപ്പെടുത്തുക. ഒപ്പം യുവതാരങ്ങൾക്ക് ഒരു പ്രതിഭയെ അടുത്തറിയാനുള്ള അവസരവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.