റിയാദ്: സൗദി തലസ്ഥാനനഗരിയുടെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിക്ക് കീഴിൽ റിയാദ് മെട്രോയുടെ ഉദ്ഘാടനം ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽജാസിർ അറിയിച്ചു. നിലവിൽ ട്രയൽ ഓപറേഷനുകൾ നടക്കുകയാണ്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ റിയാദ് ആതിഥേയത്വം വഹിച്ച വേൾഡ് ലോജിസ്റ്റിക് ഫോറത്തോടനുബന്ധിച്ച് ‘അൽ അറബിയ ബിസിനസ്’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽ ജാസിർ റിയാദ് മെട്രോയെക്കുറിച്ച് പറഞ്ഞത്.
ആറ് ലൈൻ ട്രെയിൻ സർവിസും നഗരത്തിന്റെ മുക്കുമൂലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവിസും ചേർന്ന റിയാദ് മെട്രോ അസാധാരണവും ചരിത്രപരവുമായ പദ്ധതിയാണ്. ഇത് റിയാദ് നഗരത്തിൽ ഗുണപരമായ കുതിച്ചുചാട്ടമുണ്ടാക്കും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണിത്. നൂതനവും വേഗതയേറിയതും വിശ്വസനീയവുമായ ഗതാഗത മാർഗം നൽകിക്കൊണ്ട് റിയാദ് നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു.
നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറ് ലൈനുകളിലാണ് ട്രെയിനുകൾ ഓടുക. 180 കിലോമീറ്റർ ദൈർഘ്യമാണ് ഈ ആറ് ലൈനുകൾക്കും കൂടിയുള്ളത്. ഇതിനിടയിൽ നിരവധി വലുതും ചെറുതുമായ സ്റ്റേഷനുകളുണ്ട്. ഈ സ്റ്റേഷനുകളെയെല്ലാം നഗരത്തിന്റെ മുക്കുമൂലകളുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകളിൽ ആയിരം ബസുകളാണ് ഓടുന്നത്. കഴിഞ്ഞ വർഷം മുതൽ ബസ് സർവിസ് ആരംഭിച്ചു. ഈ വർഷത്തോടെ ബസ് സർവിസിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായി.
രാജ്യം വിവിധ മേഖലകളിൽ വലിയ വികസന നവോത്ഥാനം അനുഭവിക്കുകയാണ്. ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രം നടപ്പാക്കുന്നതിൽ സൗദി അനുഭവിക്കുന്ന ഈ നവോത്ഥാനത്തിന്റെ ഭാഗമാണ് ഗതാഗത, ലോജിസ്റ്റിക് സംവിധാനമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതികളുടെയെല്ലാം അന്തിമ ലക്ഷ്യം.
ഗതാഗത, ലോജിസ്റ്റിക് മേഖലകളിൽ പ്രമുഖ ദേശീയ കമ്പനികൾ നിക്ഷേപം നടത്തുന്നുണ്ട്. ഒപ്പം നഗരങ്ങളും മുനിസിപ്പാലിറ്റികളും അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗതാഗത അതോറിറ്റിയും സുപ്രധാന നിക്ഷേപം നടത്തുന്നുണ്ടെന്നും അൽജാസിർ പറഞ്ഞു.
സൗദി കിരീടാവകാശി ആരംഭിച്ച ദേശീയ ഗതാഗത പദ്ധതിയുടെ കുടക്കീഴിലാണ് ഈ സ്ഥാപനങ്ങളെല്ലാം സംയോജിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളുടെ നവീകരണ, വിപുലീകരണ പ്രവർത്തനങ്ങളും പുതിയ വിമാനത്താവള നിർമാണവും ദേശീയ ഗതാഗത പദ്ധതിയിലുൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാവുമെന്ന് കരുതുന്ന റിയാദിലെ നിർദ്ദിഷ്ട കിങ് സൽമാൻ വിമാനത്താവളമാണ് പുതുതായി നിർമിക്കുന്നത്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിന്റെ വിപുലീകരണം, ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിന്റെ വിപുലീകരണം, ഫ്ലീറ്റ് വർധിപ്പിക്കൽ, ലോകത്തെ വിവിധയിടങ്ങളിലേക്കുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, റിയാദ് എയർ എന്ന പുതിയ വിമാനകമ്പനിയുടെ ആരംഭം തുടങ്ങിയവ സുപ്രധാന ഗതാഗത പദ്ധതികളാണ് -മന്ത്രി വിശദീകരിച്ചു.
റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സിറ്റിയിൽ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ ലോജിസ്റ്റിക് ഫോറം (ജി.എൽ.എഫ് 24) ത്രിദിന സമ്മേളനം സുപ്രധാന തീരുമാനങ്ങളോടെയാണ് തിങ്കളാഴ്ച വൈകീട്ട് സമാപിച്ചത്. ഫോറത്തിന്റെ ആദ്യ ദിവസം 1700 കോടി റിയാലിലധികം മൂല്യമുള്ള 69 കരാറുകളാണ് ഒപ്പുവെച്ചത്. ഇക്കാര്യം ഗതാഗത മന്ത്രി സ്വാലിഹ് അൽജാസിർ സ്ഥിരീകരിച്ചു.
ലോജിസ്റ്റിക്സ് മേഖല നേരിടുന്ന വെല്ലുവിളികൾ, ലഭ്യമായ അവസരങ്ങൾ എന്നിവ ചർച്ച ചെയ്യാൻ ഫോറത്തിൽ ലോകമെമ്പാടുമുള്ള ലോജിസ്റ്റിക്സ് മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഈ മേഖലയിലെ പങ്കാളികൾ തമ്മിലുള്ള ഭാവി സഹകരണ സാധ്യതകൾ ഫോറം ചർച്ച ചെയ്തു. ആഗോള ലോജിസ്റ്റിക്സ് സേവനങ്ങളുടെ ഭാവിയുടെ ഭൂപടം രൂപപ്പെടുത്താനുള്ള ലോക വേദിയാണ് വേൾഡ് ലോജിസ്റ്റിക് ഫോറം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മേഖലയിലെ നേതാക്കളെയും നിക്ഷേപകരെ ഒരുമിച്ച് കൊണ്ടുവരുന്ന വേദി കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.