തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ 18ആം വാർഷികം വെള്ളിയാഴ്ച

ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ 18 ആം വാർഷികം വിപുലമായ പരിപാടികളോടെ ഈ മാസം 18ന് വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ കോളജ് പൂർവവിദ്യാർഥിയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും നിരൂപകനുമായ ഫിറോസ് ബാബു, സിനിമ പിന്നണി ഗായിക ദാന റാസിഖ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഇവരുടെ ലൈവ് ഓർക്കസ്ട്ര ഗാനമേളയാണ് പരിപാടിയിലെ മുഖ്യ ഇനം. ജിദ്ദയിലെ വിവിധ ഗായകരുടെ ഗാനങ്ങൾ, മുട്ടിപ്പാട്ട്, ഒപ്പന, നൃത്തങ്ങൾ തുടങ്ങിയ പരിപാടികളും അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണെകിലും https://forms.gle/jZdS4fMMKTdr6feN6 എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു കൺഫേം ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്ററിന്റെ മുൻ വർഷങ്ങളിലെ വാർഷികാഘോഷങ്ങൾക്ക് ഗായകരായ അഫ്സൽ, അൻവർ സാദത്ത്, ഫിറോസ് ബാബു, താരങ്ങളായ വിനോദ് കോവൂർ, ഹരീഷ് കണാരൻ, കോട്ടയം നസീർ, സിറാജ് പയ്യോളി തുടങ്ങിയവർ അതിഥികളായി പങ്കെടുത്തിരുന്നു.

മലപ്പുറം തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ അനാഥരുടെയും അഗതികളുടെയും അത്താണിയായി 1968 ജൂലൈ മാസത്തിൽ ജൂനിയർ കോളജായി തുടങ്ങിയ പി.എസ്.എം.ഒ കോളജ് വിദ്യാർഥി പ്രവേശനത്തിനോ അധ്യാപക, അനധ്യാപക നിയമനത്തിനോ ഒരു രൂപ പോലും തലവരിയോ കോഴയോ വാങ്ങാറില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. 1972ൽ ഫസ്റ്റ് ഗ്രേഡ് കോളജായും 1980 മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോളജായും ഉയർന്ന സ്ഥാപനം ഈ മാസം മുതൽ ഓട്ടോണോമസ് കോളജ് ആയി മാറിയിട്ടുണ്ട്. 12 ഡിഗ്രി കോഴ്സുകളും ഏഴോളം പി.ജി കോഴ്സുകളുമുള്ള കലാലയത്തിൽ 1,800ലധികം വിദ്യാർഥികൾ നിലവിൽ പഠിക്കുന്നുണ്ട്. കലാ, കായിക രംഗത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിൽ ഉന്നത നേട്ടങ്ങൾ കോളജ് നേടിയിട്ടുണ്ട്. കോളജിന്റെ വികസനത്തിനും പുരോഗതിക്കും അലുംനി അസോസിയേഷനുകൾ വലിയ പിന്തുണ നൽകിയിട്ടുണ്ട്. വിവിധ വർഷങ്ങളിലായി പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികൾ വിവിധ രാജ്യങ്ങളിലായി അലുംനി അസോസിയേഷനുകളായി പ്രവർത്തിക്കുന്നു.

2006ൽ തുടങ്ങിയ ജിദ്ദ ചാപ്റ്റർ കോളജിന്റെ വികസനത്തിനും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുമായി ഒട്ടനവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. 25 ലക്ഷത്തോളം മുടക്കി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായത്തോടെ വിദ്യാർഥികൾക്കും റിസർച്ച് സ്കോളേർസിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഡിജിറ്റൽ ലൈബ്രറി നൽകി. കഴിഞ്ഞ ആറ് വർഷങ്ങളായി കോളജിലെ നിർധരരായ വിദ്യാർഥികൾക്ക് ഏകദേശം 10 ലക്ഷത്തോളം രൂപ സ്കോളർഷിപ്പ് നൽകികൊണ്ടിരിക്കുന്നു. 15 കോടി രൂപ ചിലവിൽ കഴിഞ്ഞ വർഷം നിർമ്മാണമാരംഭിച്ച ജൂബിലി ബ്ലോക്ക് കെട്ടിട നിർമാണ ഫണ്ടിലേക്കും ജിദ്ദ ചാപ്റ്റർ സഹായം നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. സീതി കൊളക്കാടൻ, അഷ്‌റഫ് കുന്നത്ത്, സിദ്ധീഖ് ഒളവട്ടൂർ, റഷീദ് പറങ്ങോടത്ത്, എം.പി റഊഫ്, അഷ്‌റഫ് അഞ്ചാലൻ, ഇല്യാസ് കല്ലിങ്ങൽ, റഹ്മത്തലി എരഞ്ഞിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

Tags:    
News Summary - Tirurangadi PSMO College Alumni Association Jeddah Chapter 18th Anniversary on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.