നജ്റാൻ: കെ.എം.സി.സി നജ്റാൻ കമ്മിറ്റിക്ക് കീഴിൽ എം.ടി. വാസുദേവൻ നായർ, ഡോ. മൻമോഹൻ സിങ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ലോക സാമ്പത്തിക രാജ്യങ്ങളടക്കം സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടപ്പോൾ ഇന്ത്യൻ സമ്പദ്ഘടന കരുത്തോടെ തലയുയർത്തിനിന്നത് ഡോ. മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളായിരുന്നുവെന്ന് അനുശോചന യോഗം വിലയിരുത്തി. തുടർന്ന് വന്ന സർക്കാറുകൾക്കും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കരണ നയങ്ങൾ പിന്തുടരേണ്ടി വന്നത് അദ്ദേഹത്തിനു ലഭിച്ച അംഗീകാരമാണ്. 26 കോടി കുടുംബങ്ങളെ പട്ടിണിയിൽനിന്ന് മോചിപ്പിച്ച മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡോ. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തെ മികച്ച നേട്ടമായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു.
മലയാള ഭാഷയെ ലോകത്തോളം ഉയർത്തിയ മഹാപ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഒരു സാഹിത്യകാരന് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും ലഭിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. കാലാതിവർത്തിയായ രചനകൾ കൊണ്ട് മലയാള ഭാഷയെയും മലയാളിയെയും ശ്രേഷ്ഠമായ ഒരു പദവിയിലേക്കുയർത്താൻ ധിഷണാശാലിയായ എം.ടിക്ക് കഴിഞ്ഞെന്നും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കെ.എം.സി.സി നജ്റാൻ കേന്ദ്ര കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര അനുശോചന പ്രഭാഷണം നടത്തി. പ്രസിഡന്റ് സലിം ഉപ്പള, നൗഫൽ കൊളത്തൂർ, ബഷീർ കരിങ്കല്ലത്താണി, ഉസ്മാൻ കാളികാവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.