സംഘ് പരിവാറിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്കെതിരെ പ്രവാസി വെൽഫയർ പ്രതിഷേധിച്ചു

ജിദ്ദ: അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്ത് ആ സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ ഉൽഘാടനം ദേശീയ ചടങ്ങായി നടത്തികൊണ്ട് ഭരണഘടനയെ അപ്രസക്തമാക്കുകയും, ഭരണഘടനാ മൂല്ല്യങ്ങളെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ പ്രവർത്തികളിൽ പ്രവാസി വെൽഫയർ പടിഞ്ഞാറൻ പ്രൊവിൻസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്‌ത മതേതരത്വവും മതനിരപേക്ഷതയും കാറ്റിൽ പറത്തി രാജ്യത്തെ മതരാഷ്ട്രമാക്കിക്കൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാർ, രാജ്യത്തിൻ്റെ പൈതൃകത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാത്തത്, സ്വാതന്ത്ര്യ സമരത്തിൽ അവർക്ക് യാതൊരു പങ്കുമില്ലാത്തത് കൊണ്ടുതന്നെയാണ്. രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരന്റെ തോക്കിനു മുന്നിൽ വിരിമാറു കാണിച്ച രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അപരന്മാരാക്കി അവരുടെ ആരാധനാലയങ്ങൾ തകർക്കാനും അവർക്ക് പൗരത്വം നിഷേധിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സംഘ് പരിവാർ പിൻവാങ്ങിയില്ലെങ്കിൽ രാജ്യം വലിയ അപകടങ്ങളിലേക്ക് നീങ്ങുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഭരണ പരാജയം മറച്ചുവെച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ലക്‌ഷ്യം വെച്ച് മതത്തെ കൂട്ടുപിടിച്ചു സംഘ് പരിവാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായ പ്രതിഷേധമുയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി വെൽഫയർ വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി അഷ്‌റഫ് സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.