റിയാദ്: സ്വകാര്യ തൊഴിൽ വിപണിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പരിശോധനയിലൂടെ 15 തൊഴിലുകളിലായി 97,000 അവസരങ്ങൾ സ്വദേശികൾക്ക് ലഭ്യമാക്കാനായെന്ന് മാനവ വിഭവശേഷി മന്ത്രാലയം. 2024ന്റെ ആദ്യ പകുതിയിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളെക്കുറിച്ചുള്ള മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും യഥാർഥ സ്വദേശിവത്കരണ നിരക്ക് കൈവരിക്കുന്നതിനും ഇത് കാരണമായതായും റിപ്പോർട്ടിലുണ്ട്. സ്വദേശിവത്കരിക്കാനുള്ള തീരുമാനം സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചാണ് ഈ നേട്ടം സാധിപ്പിച്ചത്.
ദന്തചികിത്സ, ഫാർമസി, ആരോഗ്യസേവന തൊഴിലുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന, ഇതുമായി ബന്ധപ്പെട്ട പരസ്യ ജോലികൾ, മെഡിക്കൽ ഉപകരണങ്ങളുടെ എൻജിനീയർമാർ, ടെക്നീഷ്യൻമാർ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ് ജോലികൾ, പൊതുവായ എൻജിനീയറിങ് ജോലികൾ, പ്രോജക്ട് മാനേജ്മെന്റ് ജോലികൾ, നിയമമേഖലയിലെ ജോലികൾ, മാർക്കറ്റിങ് തൊഴിലുകൾ, വിൽപനയുമായി ബന്ധപ്പെട്ട തൊഴിലുകൾ, അക്കൗണ്ടിങ് തൊഴിലുകൾ എന്നീ രംഗങ്ങളിലെല്ലാം പരിശോധനകൾ നടന്നെന്നും അതിലെല്ലാം സ്വദേശികൾക്ക് അവസരങ്ങൾ കണ്ടെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.