വിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ സൗദി അറേബ്യ ഒരുങ്ങുേമ്പാൾ അനേകായിരം ശിഷ്യഗണങ്ങളെ മുന്നിലിരുത്തി അറിവ് പകർന്നതിെൻറ ഭൂതകാല കുളിരോർമയിൽ ഒരു പ്രധാനാധ്യാപിക. ഒന്നര വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും സജീവമാകുന്ന വിദ്യാലയമുറ്റത്തേക്ക് പോകാൻ കഴിയുന്ന ആഹ്ലാദം മറച്ചുവെക്കാനാകുന്നില്ല മലയാളിയായ സജീറ അഞ്ജുമിന്.
ജുബൈലിലെ ബ്രിട്ടീഷ് കരിക്കുലത്തിൽ പ്രവർത്തിക്കുന്ന മോട്ടോസ് ഇൻറർനാഷനൽ സ്കൂളിലെ പ്രധാനാധ്യാപികയാണ് ഇൗ ആലുവ സ്വദേശിനിയായ എം.എസ്.ഇ, ബി.എഡ് ബിരുദങ്ങളുള്ള സുവോളജി അധ്യാപിക. ലോകം മുഴുവൻ പകച്ചുപോയ കോവിഡ് പ്രതിസന്ധിയിൽ ഇക്കാലമത്രയും വീട്ടിലിരുന്ന് ഒാൺലൈനിൽ കുട്ടികളെ കാണേണ്ടി വന്നതിൽനിന്ന് ഒരു മോചനമാവുന്നു എന്നതിലല്ല, പ്രിയപ്പെട്ട കുട്ടികളെ വീണ്ടും നേരിൽക്കാണാനും അവരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം കൈവരുന്നതിലാണ് ആഹ്ലാദം മുഴുവൻ എന്ന് അവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
സ്കൂളുകൾ അടഞ്ഞപ്പോൾ ഏറ്റവും നല്ല ബദൽമാർഗങ്ങൾ അവലംബിച്ച് പ്രതിസന്ധിയെ മറികടക്കാൻ സൗദിഅറേബ്യക്ക് വളരെ വേഗം കഴിഞ്ഞത് അനുഭവം കൊണ്ടറിയാനായെന്നും അവർ കൂട്ടിച്ചേർക്കുന്നു. പ്രാഥമികമായ ചില പ്രയാസങ്ങളെ മറികടക്കാൻ കഴിഞ്ഞതോടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ തങ്ങൾക്ക് കഴിഞ്ഞു.
സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പിന്തുണ അത്ര വലുതായിരുന്നു. ക്ലാസ് മുറികളിൽ കുട്ടികളെ നേരിട്ട് കാണുന്നതുപോലെതന്നെ അവരുമായി ആത്മബന്ധം സ്ഥാപിച്ച് ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകാൻ അധ്യാപകർക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രതിസന്ധികളെക്കുറിച്ച് ആകുലപ്പെടേണ്ടിവന്നില്ലെന്നും ഇൗ പ്രധാനാധ്യാപിക പറഞ്ഞു. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒന്നുചേരുന്നിടത്ത് അധ്യാപികയാകാൻ കഴിഞ്ഞത് അപൂർവ അനുഭവമാണ് സജീറ അഞ്ജുമിന് സമ്മാനിച്ചത്. 25 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ, 15ലധികം രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകർ, ഇവരെ ഒറ്റക്കണ്ണിയിൽ കൊരുത്ത് ഒത്തൊരുമയോടെ മുന്നോട്ട് െകാണ്ടുപോകാൻ കഴിഞ്ഞപ്പോൾ ലോക വൈജാത്യങ്ങൾ മുന്നിൽ അലിഞ്ഞില്ലാതാകുകയായിരുന്നു.
15 വർഷമായി ഇതേ സ്കൂളിലെ അധ്യാപികയാണിവർ. പല അന്താരാഷ്ട്ര യാത്രകൾക്കിടയിലെ ആൾക്കൂട്ടങ്ങൾക്കിടയിൽനിന്ന് 'ടീച്ചറേ'എന്ന വിളിയുമായെത്തുന്ന ഏതെങ്കിലുമൊരു വിദ്യാർഥി ഉണ്ടാകും. അന്താരാഷ്ട്ര വേദികളിൽ തിളങ്ങാൻ കഴിഞ്ഞ പലരും തെൻറ വിദ്യാർഥികളാണ് എന്നത് അഭിമാനം പകരുന്നതാണ്. ഒരു യാത്രക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ പൈലറ്റ്, ടീച്ചറുടെ വിദ്യാർഥിയാണെന്ന് പറഞ്ഞ് വന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ താൻ ഉൾപ്പുളകിതയായിപ്പോയെന്ന് സജീറ പറയുന്നു.
ക്ലാസ് മുറിയിൽ അലസമായി വരാറുണ്ടായിരുന്ന ഒരു കുട്ടിയെ 'ടൈ'കെട്ടാൻ പഠിപ്പിച്ചത് ഒരു ടീച്ചറുടെ ഉത്തരവാദിത്തമായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ, വർഷങ്ങൾക്കിപ്പുറം ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സി.ഇ.ഒ ആയി അവൻ ഒരു അധ്യാപക ദിനത്തിൽ അയച്ച സന്ദേശം തന്നെ വൈകാരികമായ ഒരു സ്ഥിതി വിശേഷത്തിലെത്തിച്ചു. ടീച്ചർ, ഞാൻ ഏറ്റവും നന്നായി ഡ്രസ് ധരിച്ചാണ് ഇപ്പോൾ ഓഫിസിൽ പോകുന്നതെന്നും ടീച്ചർ പഠിപ്പിച്ച പാഠം മറന്നിട്ടില്ലെന്നുമായിരുന്നു ആ സന്ദേശത്തിൽ.
ഓർമകൾ നഷ്ടപ്പെട്ടുപോയ ഒരു പാകിസ്താനി പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ നടത്തിയ ശ്രമങ്ങളും ഈ അധ്യാപികയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. അധ്യാപനം കേവലം ഒരു ജോലിയല്ല, ൈദവം ഏൽപ്പിച്ച ഉത്തരവാദിത്തമായാണ് സജീറ വിശ്വസിക്കുന്നത്.
ഓൺലൈനായാലും ഓഫ്ലൈനായാലും അധ്യാപകർ മനസ്സുവെച്ചാൽ കുട്ടികളെ മിടുക്കരാക്കാം. ആ മനസ്സാണ് പ്രധാനം. വിദ്യാഭ്യാസത്തിന് ഇന്ത്യക്കാർ നൽകുന്ന പ്രാധാന്യവും അധ്യാപകർക്ക് നൽകുന്ന ബഹുമാനവും മറ്റുള്ളവരെക്കൂടി പഠിപ്പിക്കാൻ സാധിച്ചു എന്നതാണ് തെൻറ വിജയമെന്ന് അവർ പറഞ്ഞു. സ്കൂളിൽ നടക്കാറുള്ള ഫുഡ് ഫിയസ്റ്റയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ നിറയുേമ്പാൾ ലോക ഭക്ഷണ ൈവവിധ്യത്തിെൻറ പ്രദർശനമായി അത് മാറാറുണ്ട്.
വീണ്ടും പഴയ ആഹ്ലാദങ്ങളുമായി വിദ്യാലയമുറ്റത്തേക്ക് പോകാൻ കഴിയുന്ന ആഹ്ലാദം നിറഞ്ഞ കാത്തിരിപ്പിലാണ് താനും സഹപ്രവർത്തകരും എന്നും അവർ പറഞ്ഞു. സൗദിയിൽ വ്യവസായിയായ ആലുവ സ്വദേശി അഞ്ജും ഹംസയാണ് ഭർത്താവ്. പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് മിഷാൻ, ആറാം ക്ലാസുകാരി അയ്ന അഞ്ജും എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.