ത്വാഇഫ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രസിദ്ധ ചരിത്രനഗരമായ ത്വാഇഫിലെ പാരമ്പര്യ വാസ്തുവിദ്യയുടെ വിസ്മയ ചരിത്രബാക്കിയായി നിലകൊള്ളുന്ന ‘ശുബ്ര’ കൊട്ടാരത്തിന് പുതിയ ബഹുമതി. സൗദി അറേബ്യയുടെ വാസ്തുവിദ്യാപരമായ ഭൂവടയാളങ്ങളിൽ ഒന്നായി ശുബ്ര കൊട്ടാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സൗദി അറേബ്യയുടെ ഔദ്യോഗിക ലാൻഡ് മാർക്കുകളുടെ പട്ടികയിലാണ് ഈ പ്രാചീന വിസ്മയ നിർമിതി ഇടം കണ്ടെത്തിയത്.
റോമൻ, ഇസ്ലാമിക് വാസ്തുവിദ്യാ ഘടകങ്ങളുടെ കലാപരമായ സംയോജനം ദൃശ്യമാകുന്ന കൊട്ടാരം തലയുയർത്തിനിൽക്കുന്നത് ഒരു നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ചരിത്രത്തിലേക്കാണ്. ഹിജാസ് മേഖലയിലെ പരമ്പരാഗത വാസ്തുവിദ്യയിലാണ് ഈ സൗധത്തിന്റെ നിർമിതി. നാലു നിലകളും 150ഓളം മുറികളുമുള്ള സമുച്ചയത്തിന്റെ നിർമാണത്തിന് 1905ൽ അലി ബിൻ അബ്ദുല്ല ബിൻ ഔൻ പാഷയാണ് തുടക്കംകുറിച്ചത്. കൊട്ടാരത്തിന്റെ വാസ്തുവിദ്യ പ്രദേശത്തിന്റെ ചരിത്രത്തിന്റെ പഴമയിലേക്ക് വെളിച്ചംവീശുന്നു.
കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ നിർമാണത്തിലെ കൃത്യതയും കലാപരമായ രൂപകൽപനയുമാണ്. ത്വാഇഫിലെ സാകര, മിസ്ർ, അൽ ഖൈമ തുടങ്ങിയ പർവതങ്ങളിൽനിന്നുള്ള ശിലകൾ, പ്രാദേശികമായി ലഭിച്ച ഉറപ്പുള്ള മരത്തടികൾ എന്നിവ ഉപയോഗിച്ചാണ് കൊട്ടാരം പണിതീർത്തിരിക്കുന്നത്. കൊട്ടാര ജനലുകളും വാതിലുകളും തീർത്തിരിക്കുന്നത് കൊത്തിയെടുത്ത മരം ഉരുപ്പടികളാലാണ്. കൂടാതെ, കൊട്ടാരത്തിന്റെ മേൽത്തട്ട് അലങ്കാര ചിത്രങ്ങളും ലിഖിതങ്ങളുംകൊണ്ട് എംബ്രോയ്ഡറി ചെയ്തനിലയിലാണ്.
ത്വാഇഫിലെ പ്രാദേശിക ചരിത്ര മ്യൂസിയം കൂടിയാണ് ഇപ്പോൾ ശുബ്ര കൊട്ടാരം. ഇസ്ലാമിക പുരാവസ്തുക്കൾ, പൗരാണിക കൈയെഴുത്തുപ്രതികൾ, പഴയ കാലത്ത് എഴുതാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്നിവ സന്ദർശകരെ ആകർഷിക്കുംവിധം പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിലെ അപൂർവ ഖുർആൻ പ്രതി കൊട്ടാര മ്യൂസിയത്തിലെ മുഖ്യ ആകർഷണമാണ്. പ്രധാന കെട്ടിടത്തിൽ ഒരു നിലവറയും മേൽക്കൂരയും കൂടാതെ നാലു നിലകളിൽ ഉയർന്ന സ്തംഭങ്ങളിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. ചുറ്റും വലിയ തോട്ടങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയും ഇവിടത്തെ കാഴ്ചഭംഗിയെ വേറിട്ടതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.