റിയാദ്: ഗസ്സ മുനമ്പിൽനിന്ന് ഫലസ്തീനികളെ കുടിയിറക്കാൻ ലക്ഷ്യമിട്ട് ഒരു ഏജൻസി സ്ഥാപിക്കുമെന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വെസ്റ്റ് ബാങ്കിലെ 13 അനധികൃത കുടിയേറ്റ കേന്ദ്രങ്ങളെ വേർപ്പെടുത്തി നിയമവിധേയമാക്കാൻ അംഗീകാരം നൽകിയതിനെയും മന്ത്രാലയം അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും തുടർച്ചയായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. അതിനെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി ഫലസ്തീൻ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടാതെയും 1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെയും ശാശ്വതവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനാവില്ലെന്ന് സൗദി അറേബ്യ നിലപാട് വീണ്ടും വ്യക്തമാക്കി.
മക്ക: ഫലസ്തീനികളെ ഗസ്സ മുനമ്പിൽനിന്ന് കുടിയിറക്കാൻ ഒരു ഏജൻസി സ്ഥാപിക്കുമെന്ന ഇസ്രായേൽ ഗവൺമെന്റിന്റെ പ്രഖ്യാപനത്തെയും നിയമസാധുത നൽകുന്നതിനായി വെസ്റ്റ് ബാങ്കിലെ 13 അനധികൃത കുടിയേറ്റ കേന്ദ്രങ്ങളെ വേർപെടുത്തുന്നതിനുള്ള അംഗീകാരത്തെയും മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു.
സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ
ഇസ്രയേലി അധിനിവേശ ഗവൺമെന്റിന്റെ ഈ നിഷ്ഠൂരമായ സമീപനത്തെ അപലപിക്കുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ അന്തർദേശീയവും മാനുഷികവുമായ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് മേഖലക്കും ലോകത്തിനും സുരക്ഷയും സ്ഥിരതയും നൽകുന്ന ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെയും പരിഹാരത്തിനായുള്ള എല്ലാ സാധ്യതകളെയും ബോധപൂർവം തുരങ്കം വെക്കുന്നതാണ് ഇസ്രായേൽ നിലപാടെന്നും അൽഈസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.