അൽഖോബാർ: വിവിധ തുറമുഖങ്ങൾ വഴി സൗദി അറേബ്യയിലേക്കു കടത്താൻ ശ്രമിച്ച 6.51 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും ലഹരിവസ്തുക്കളും സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ ലഹരിവിരുദ്ധ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ദുബ തുറമുഖത്ത് ഒരു ട്രക്കിൽ 93,750 ലഹരിഗുളികകൾ ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ജിദ്ദ ഇസ്ലാമിക് പോർട്ടിൽ വിവിധ ചരക്കുകളിൽ ഒളിപ്പിച്ച നിലയിൽ 3,56,559 ലഹരിഗുളികകൾ പിടിച്ചെടുത്തു. ഹദിത ക്രോസിങ്ങിൽ രാജ്യത്തേക്കു കടക്കുന്ന ട്രക്കുകളിലൊന്നിൽ ഒളിപ്പിച്ച നിലയിൽ 2,01,600 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തി.
എല്ലാതരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കാനുള്ള ശ്രമത്തിൽ സൗദി അറേബ്യയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുകയാണെന്ന് സകാത് ആൻഡ് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. കള്ളപ്പണം കടത്താനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുകയാണ് ഇസെഡ്.എ.ടി.സി.എയുടെ ലക്ഷ്യം.
ലഹരിക്കടത്തോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ 1910 നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ, 00966114208417 നമ്പറിലോ ബന്ധപ്പെടാൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഈ ചാനലുകളിലൂടെ ലഭിക്കുന്ന ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പൂർണമായും രഹസ്യമായിരിക്കും. വിവരങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.