റിയാദ്: ഉപഭോക്താക്കൾക്ക് സാധനങ്ങൾ ഇട്ടുനൽകാൻ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കേണ്ടതില്ലെന്ന് സൗദി അറേബ്യയിലെ സൂപ്പർമാർക്കറ്റുകൾ. പരിസ്ഥിതി സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തിയാണ് പ്ലാസ്റ്റിക് ബാഗുകൾ വെടിയാനുള്ള തീരുമാനവുമായി കൂടുതൽ സൂപ്പർമാർക്കറ്റുകൾ മുന്നോട്ടുവന്നിരിക്കുന്നത്. വാങ്ങുന്ന സാധനങ്ങൾ ഇട്ടുകൊണ്ടുപോകാൻ ഇനി മുതൽ പ്ലാസ്റ്റിക് സഞ്ചികൾ നൽകില്ലെന്നും പകരം തുണിസഞ്ചികൾ വാങ്ങണമെന്നും പല കടകളിലും ബാനറുകൾ ഉയർന്നെന്നും 'അൽവത്വൻ' പത്രം റിപ്പോർട്ട് ചെയ്തു.
പൂർണമായും നശിപ്പിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വലിയ ദോഷമാണുണ്ടാക്കുന്നതെന്നും അത് മൊത്തം ആവാസവ്യവസ്ഥക്കുതന്നെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ഷോപ്പ് നടത്തിപ്പുകാർ ഉപഭോക്താക്കളെ ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്. സൗജന്യ പ്ലാസ്റ്റിക് ബാഗുകൾ ഇനിയില്ലെന്ന് പറയുന്ന ഷോപ്പ് നടത്തിപ്പുകാർ പകരം തുച്ഛമായ തുക നൽകി തുണിസഞ്ചി വാങ്ങാൻ നിർദേശിക്കുകയാണ്. 50 ഹലാലയും ഒരു റിയാലുമാണ് തുണിസഞ്ചിയുടെ ഗുണനിലവാരത്തിന് അനുസരിച്ച് ഇൗടാക്കുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതിനാൽ മുടക്കുന്ന ഇൗ തുച്ഛമായ തുക ഒരു വലിയ പ്രശ്നമല്ലെന്നും പരിസ്ഥിതി സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യാൻ എല്ലാവരും തയാറാകണമെന്നുമാണ് വ്യാപാരികൾ പറയുന്നത്. ഒരിക്കൽ വാങ്ങിയാൽ തുണിസഞ്ചി പലതവണ ഉപയോഗിക്കാം. മാത്രമല്ല, ജീവികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരവുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.