ജിദ്ദ: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വ്യക്തികൾക്കായി ക്വിവ പ്ലാറ്റ്ഫോം വഴി ‘സേവന സർട്ടിഫിക്കറ്റ്’ നൽകുന്ന സേവനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. സ്ഥാപനങ്ങളിലെ ജോലിയും അതിലെ പരിചയവും തെളിയിക്കുന്നതാണ് ഈ സർട്ടിഫിക്കറ്റ്. ഇത് ജീവനക്കാരുടെ തൊഴിൽ പരിചയം തെളിയിക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് സമർപ്പിക്കാൻ കഴിയുന്ന ഔദ്യോഗിക രേഖയായി കണക്കാക്കും.
തൊഴിൽ മാറാൻ ഉദ്ദേശിക്കുന്നവർക്ക് മറ്റ് സ്ഥാപനങ്ങളിൽ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയും. തൊഴിൽ കരാർ അവസാനത്തിലാണ് ക്വിവ പ്ലാറ്റ്ഫോമിലെ വ്യക്തികളുടെ അക്കൗണ്ട് വഴി ഇലക്ട്രോണിക് രീതിയിൽ സേവന സർട്ടിഫിക്കറ്റ് നേടാൻ സാധിക്കുക. ഈ നടപടിക്രമം തൊഴിലാളികളുടെ അനുഭവം മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യും.
ക്വിവ പ്ലാറ്റ്ഫോമിലെ നൂതന ഡിജിറ്റൽ സൊല്യൂഷനുകളിലൂടെ രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും അതിന്റെ സ്ഥിരത വർധിപ്പിക്കാനും ആഗോളതലത്തിലെ മികച്ച രീതികൾ കൈവരിക്കാനുമാണ് മാനവ വിഭവ ശേഷി മന്ത്രാലയം ശ്രമിക്കുന്നത്. തൊഴിൽ മേഖലക്ക് 130ലധികം ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകുന്നുണ്ട്. ക്വിവ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മേഖലയിലെ എല്ലാ സേവനങ്ങളും ഡിജിറ്റൽ രീതിയിലാക്കാനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർബന്ധത്തിലെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തിലെ തൊഴിൽ വിപണിയുടെ സ്ഥിരതയും ആകർഷണീയതയും ഉയർത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.