മക്ക: ഹജ്ജ് വളന്റിയർ സേവന രംഗത്ത് സജീവമായ വളന്റിയർമാരെ തനിമ ഹജ്ജ് സെൽ ആദരിച്ചു. ഹുസൈനിയ ഇസ്ത്തിറാഹ അൽ അത്തീഖിൽ സംഘടിപ്പിച്ച പരിപാടി തനിമ അഖില സൗദി ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു.
അല്ലാഹുവിന്റെ അതിഥികളായെത്തിയ ഹാജിമാരെ രാപ്പകൽ ഭേദമന്യേ രണ്ടു മാസക്കാലം നിസ്വാർഥമായി സേവിച്ച തനിമ വളന്റിയർമാരുടെ പ്രവർത്തനങ്ങൾ ഏറെ ഉദാത്തവും മാതൃകാപരവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തനിമ അഖില സൗദി പ്രസിഡൻറ് കെ.എം. ബഷീർ ഓൺലൈൻ വഴി മുഖ്യ പ്രഭാഷണം നടത്തി.
സേവനം ദൈവാരാധനയാണെന്നും ഹജ്ജിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ജനസേവനപ്രവർത്തനങ്ങൾ ജീവിതചര്യയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്ക സോൺ പ്രസിഡൻറ് അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവന റിപ്പോർട്ട് തനിമ മക്ക സോണൽ സെക്രട്ടറി അനീസുൽ ഇസ്ലാം അവതരിപ്പിച്ചു. സേവനമനുഷ്ഠിച്ച വളൻറിയർമാർ ഹജ്ജ് സേവന അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
തനിമ കേന്ദ്ര ഹജ്ജ് വളൻറിയർ കോഓഡിനേറ്റർ സി.എച്ച്. ബഷീർ സമാപന പ്രഭാഷണം നിർവഹിച്ചു. സേവന പ്രവർത്തനങ്ങളുടെ അംഗീകാരമായി വളൻറിയർമാർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരവും വിതരണം ചെയ്തു. ഷഫീഖ് പട്ടാമ്പി സ്വാഗതവും ഷാനിബ നജാത്ത് നന്ദിയും പറഞ്ഞു. ഹയ നജാത്ത് ഖിറാഅത്ത് നടത്തി.
മക്കയിലും സൗദിയുടെ വിവിധ പ്രവിശ്യകളിലും ജോലി ചെയ്തുവരുന്ന വളന്റിയർമാരാണ് വിവിധ മേഖലകളിലായി ഹജ്ജ് കാലത്ത് ഹാജിമാർക്കായി സേവനമനുഷ്ഠിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ പൂർണ പിന്തുണയോടെ വിവിധ സേവനപ്രവർത്തനങ്ങളുടെ ഭാഗമാവാൻ തനിമ വളൻറിയർമാർക്ക് കഴിഞ്ഞു.
ഹറം, അസീസിയ, അറഫ ഓപറേഷൻ, ഫ്രൈഡേ ഓപറേഷൻ, മിന ഓപറേഷൻ, മെഡിക്കൽ വിഭാഗം, ഭക്ഷണ വിതരണം, വീൽചെയർ വിതരണം, പഠനയാത്ര, മീഡിയ, പഠന യാത്രകൾ, ലഗേജ് മിസിങ്, അദാഹി കൂപ്പൺ വിതരണം, മശാഇർ മെട്രോ ടിക്കറ്റ് വിതരണം, ഗിഫ്റ്റ് വിതരണം തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക കോഓഡിനേറ്റർമാരുടെ കീഴിലാണ് തനിമ ഹജ്ജ് സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.