ജിദ്ദ: സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്. തുടർച്ചയായി രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജി.ഡി.പിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചു. പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലും വാർത്തമാനകാലത്തിലും ഭാവിയിലും സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ യമനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സുസ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരത്തിനുവേണ്ടി ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു. ഉയർന്ന അഭിലാഷങ്ങളോടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ഞങ്ങൾക്ക് റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ സംഭാഷണത്തിെൻറ പാതയാണ് ഇഷ്ടപ്പെടുന്നത്. അവർ തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് ലേഖകെൻറ ചോദ്യത്തിന് മറുപടിയായാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെ പശ്ചിമേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി പദ്ധതി സമയവും പണവും ലാഭിക്കുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.
സൗദി ജനത മാറ്റത്തിനായി ആഗ്രഹിക്കുകയും അതിനുള്ള പ്രവർത്തനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. ജനങ്ങളാണ് മാറ്റത്തിനായി ശ്രമിക്കുന്നത്. ഞാനും അവരിൽ ഒരാളാണ്. ടൂറിസം രംഗത്തെ ഞങ്ങളുടെ നിക്ഷേപം മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഈ വ്യവസായം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനയുടെ തോത് മൂന്നു ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി ഉയർത്തി. സൗദി ടൂറിസം ഇതുവരെ നാലു കോടി വിദേശ സന്ദർശകരെയാണ് ആകർഷിച്ചത്. 2030ൽ 10 കോടി മുതൽ 15 കോടി സന്ദർശകരെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.
ഫലസ്തീൻ ജനതയുടെ ദുരിതം അവസാനിപ്പിക്കാനായി അമേരിക്കയുൾെപ്പടെയുള്ളവരുമായി ചർച്ച ചെയ്യുകയാണ്. നിലവിൽ ഞങ്ങൾക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. അവരുമായി ബന്ധം സ്ഥാപിക്കുന്ന വിഷയത്തിൽ ഫലസ്തീൻ പ്രശ്നം വളരെ പ്രധാനമാണ്. അത് പരിഹരിക്കപ്പെട്ടാലെ ഈ വഴിയിൽ മുന്നോട്ടുപോകാനാവൂ എന്നും ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് ലേഖകെൻറ ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ടു വെച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ അമേരിക്ക വിജയിച്ചാൽ ശീതയുദ്ധം അവസാനിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും അത്.
ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നത് നല്ലതാണ്. അത് എല്ലാ ദിവസവും മുന്നോട്ടാണ്. അത് എവിടെ എത്തുമെന്ന് ഞങ്ങൾ നോക്കുകയാണ്. ഫലസ്തീനികൾക്കായി ഒരു നല്ല ജീവിതം കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യു.എസുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിെൻറയും സുരക്ഷക്കും പ്രയോജനകരമാകുമെന്നും കിരീടാവകാശി പറഞ്ഞു.
സൗദി ക്ലബ് അൽനസ്ർ ടീമിന് ഇറാനിൽ അവിടത്തെ ജനത നൽകിയ ഊഷ്മള സ്വീകരണം ആഹ്ലാദകരമാണ്. ഇത് വികസന ചലനത്തിെൻറ ഭാഗമാണ്. സൗദി ടീമിന് ഇറാെൻറ ഭാഗത്തുനിന്ന് മനോഹരമായ സ്വീകരണം ഞങ്ങൾ കണ്ടു. ഞങ്ങൾ അത് വളരെ പോസിറ്റിവായി എടുക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഞങ്ങൾക്കും ഇറാനികൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തീരുമാനിച്ചത് ചൈനയാണ്. ചൈനീസ് പ്രസിഡൻറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചൈന ദുർബലമായി കാണാൻ ആരും ആഗ്രഹിക്കുന്നില്ല. ചൈന തകർന്നാൽ അമേരിക്ക ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും തകർച്ചയുടെ ഭീഷണിയിലാകും. ബ്രിക്സ് ഗ്രൂപ് അമേരിക്കക്കോ പാശ്ചാത്യ രാജ്യങ്ങൾക്കോ വേണ്ടിയുള്ള ഏതെങ്കിലും തരത്തിലുള്ള ഭൗമരാഷ്ട്രീയ മത്സരത്തെ പ്രതിനിധാനംചെയ്യുന്നില്ലെന്നും കിരീടാവകാശി പറഞ്ഞു.
ഇറാനുമായി സൗദി അറേബ്യ പുനഃസ്ഥാപിച്ച ബന്ധം ശക്തിപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്ന് കിരീടാവകാശി പറഞ്ഞു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി അത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുകയും പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു. മേഖലയിലെ ഏത് ആണവായുധ മത്സരവും സൗദിയുടെ സുരക്ഷക്ക് മാത്രമല്ല, ലോകത്തിെൻറ തന്നെ സുരക്ഷക്കും ഭീഷണിയാണ്. ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ സൗദിയും അത് സ്വന്തമാക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ആണവായുധങ്ങൾ കൈവശം വെക്കുന്നതിൽ അർഥമില്ല, കാരണം അവ ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് രാജ്യവും ആണവായുധങ്ങൾ നേടുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ആണവായുധങ്ങൾ ഉപയോഗിക്കുന്ന ഏതൊരു രാജ്യവും ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇനിയൊരു ഹിരോഷിമയെ ലോകത്തിന് സഹിക്കാനാവില്ല. ഈ മേഖലയിലെ ഏത് ആണവായുധ മത്സരവും സൗദിയുടെ സുരക്ഷയെ മാത്രമല്ല, ലോകത്തിെൻറ സുരക്ഷയെയും ഭീഷണിപ്പെടുത്തും. മേഖലയിലെ അധികാര സന്തുലിതാവസ്ഥക്ക് ഇറാന് ആണവായുധം ലഭിക്കുമ്പോഴെല്ലാം ഞങ്ങൾ ആണവായുധം നേടേണ്ടതുണ്ടെന്നും കിരീടാവകാശി പറഞ്ഞു.
രാജ്യത്തിെൻറ സമഗ്ര പുരോഗതിക്കും പരിവർത്തനത്തിനുംവേണ്ടി അവതരിപ്പിച്ച ദർശന പദ്ധതിയായ ‘വിഷൻ 2030’ ഞങ്ങളുടെ വലിയ അഭിലാഷമാണ് പ്രതിഫലിപ്പിക്കുന്നത്. അതിെൻറ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും വലിയ അഭിലാഷങ്ങളോടെ പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സൗദി അറേബ്യയെ എപ്പോഴും മെച്ചപ്പെടുത്തുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പുരോഗതിയുടെ വേഗത ഉയർന്ന നിലയിൽ തന്നെ തുടരും. ഒരു ദിവസം പോലും നിർത്തുകയോ അലസരാവുകയോ ചെയ്യില്ല. നാലു വർഷത്തിനുശേഷം അടുത്ത വികസന കാഴ്ചപ്പാടായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിക്കും. നിലവിലുള്ള നിയമങ്ങൾ പലതും ഞങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണ്. ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ ഭരണകൂടം ഇടപെടില്ലെന്നും കിരീടാവകാശി സൂചിപ്പിച്ചു.‘സൗദി അറേബ്യയാണ് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ’ യെന്ന് സൗദി സന്ദർശിക്കാൻ മടിക്കുന്നവരോടായി അഭിമുഖത്തിനിടെ കിരീടാവകാശി പറഞ്ഞു.
യു.എസ്. പ്രസിഡൻറ് ബൈഡനുമായി ഞങ്ങളുടെ ബന്ധം വേറിട്ടതാണ്. നിരവധി പൊതുവായ വിഷയങ്ങളില ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. സൗദിയുടെ പെട്രോളിയം നയം വിപണിയുടെ ആവശ്യവും വിതരണവും അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. എണ്ണ വിപണികളുടെ സ്ഥിരതക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എണ്ണ നയങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും പൊതുശത്രുവായിരുന്നു ഉസാമ ബിൻ ലാദിൻ. ഇരുരാജ്യങ്ങളും തമ്മിൽ വേർപിരിക്കാൻ അയാൾ പദ്ധതിയിടുകയായിരുന്നുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരുഹറമുകളുടെയും പുണ്യസ്ഥലങ്ങളുടേയും പദവിക്ക് യോജിച്ച പ്രവർത്തനങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
ഫോക്സ് ന്യൂസ് ചാനൽ വ്യാഴാഴ്ച പുലർച്ച ഒന്നിനാണ് അമീർ മുഹമ്മദ് ബിൻ സൽമാെൻറ അഭിമുഖം സംപ്രേഷണം ചെയ്തത്. നിയോം നഗരത്തിൽ നിന്ന് ചാനലിെൻറ ചീഫ് പൊളിറ്റിക്കൽ ബ്രോഡ്കാസ്റ്റർ ബ്രെറ്റ് ബെയർ ആണ് അഭിമുഖം നടത്തിയത്.
ഇതു സംബന്ധിച്ച് ഫോക്സ് ന്യൂസ് ഒരു പ്രസ്താവന നേരത്തേ പുറത്തിറക്കിയിരുന്നു. ഈ അഭിമുഖം സൗദിയുടെ ഭാവിയെക്കുറിച്ചും അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും അവർ മുൻകൂട്ടി വെളിപ്പെടുത്തിയിരുന്നു. 2019 നുശേഷം ഒരു പ്രധാന അമേരിക്കൻ വാർത്താമാധ്യമത്തിന് ആദ്യമായാണ് കിരീടാവകാശി അഭിമുഖം നൽകുന്നത്. സൗദി അറേബ്യയിലെ പരിവർത്തനങ്ങളുടെയും വികസനങ്ങളുടേയും പശ്ചാത്തലത്തിൽ കിരീടാവകാശിയുമായുള്ള അഭിമുഖത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.