മക്ക: ദിവസങ്ങളോളം പെയ്ത മഴയിൽ തളിർത്ത് പച്ച പുതച്ച് മക്കയിലെ കുന്നിൻ നിരകൾ. പതിവിന് വിപരീതമായി മക്ക പ്രവിശ്യയിലെ നഗരപ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും ഇത്തവണ നല്ല മഴയാണ് ലഭിച്ചത്. മഴ ബാക്കിവെച്ച കൺകുളിർക്കുന്ന മനോഹര കാഴ്ചകൾ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഊഷരമായി കിടന്നിരുന്ന മലനിരകളും മരുഭൂമിയും പച്ചപ്പുതപ്പണിഞ്ഞുനിൽക്കുന്ന കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകരെത്തുന്നുണ്ട്.
സൗദിയുടെ നാനാ ഭാഗങ്ങളിൽനിന്ന് വിവിധ റോഡുകളിലൂടെ മക്കയിലേക്ക് സഞ്ചരിക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം റോഡുകൾക്കിരുവശവും പരന്നുകിടക്കുന്ന മരുഭൂമിയും ഉയർന്നുനിൽക്കുന്ന ഗിരിനിരകളും സസ്യജാലങ്ങൾ വളർന്ന് ഹരിതാഭമായ കണ്ണിനിമ്പം പകരുന്ന കാഴ്ചയാണ്.
അതിശയകരമായ ഈ കാഴ്ച പ്രദേശത്തെ താമസക്കാരുടെയും സന്ദർശകരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കുന്നതാണ്. സാധാരണ തരിശായ പ്രദേശങ്ങൾ ഇപ്പോൾ സസ്യലതാദികളാൽ നിറഞ്ഞു. മരുഭൂമിയെക്കുറിച്ച് വർണിക്കുമ്പോൾ പച്ചപ്പ് തീരെ ഇല്ലാത്തതോ അങ്ങിങ്ങ് അൽപം പച്ചപ്പ് കാണുന്നതോ ആയ മണൽത്തരികളോ പാറകളോ മൂടിയ വിശാലമായ പ്രദേശം എന്നാണ് സാധാരണ പറയാറുള്ളത്.
മരുപ്രദേശങ്ങളിൽ പൊതുവെ ഏറ്റവും കുറഞ്ഞ മഴയാണ് സാധാരണ ലഭിക്കാറുള്ളത്. മഴയാൽ തളിർത്തുണ്ടായ പുൽമേടുകളും പച്ചവിരിച്ച കുന്നുകളും തടാകങ്ങളും ചേർന്ന മനോഹരമായ കാഴ്ചയാണ് സൗദിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ഇപ്പോൾ കാണുന്നത്.
സൗദിയുടെ മറ്റു ചില പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കാഴ്ചകൾ പുതുമയുള്ളതല്ലെങ്കിലും മക്കയിലും പരിസര നഗരങ്ങളിലും ഇങ്ങനെയൊരു കാഴ്ച ഒറ്റപ്പെട്ടതാണെന്ന് പഴയ പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന സസ്യജാലങ്ങളാൽ സമൃദ്ധമായ പ്രദേശത്ത് ഒട്ടകക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളും മേഞ്ഞുനടക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.
സമൃദ്ധമായ മഴയുടെ ഫലമായാണ് വിവിധ പ്രദേശങ്ങളിൽ ഹരിതസസ്യങ്ങൾ ഇപ്പോൾ ധാരാളമായി കാണപ്പെടുന്നത്. പ്രകൃതിയുടെ ഹരിതാഭയിലേക്കുള്ള ഈ അപ്രതീക്ഷിത മാറ്റങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.