ദമ്മാം: പലതവണ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കപ്പെട്ട അഷറഫിന് ഒടുവിൽ നാടണയാൻ ഭാഗ്യം. ദമ്മാം ഫൈസലിയ ജയിലിൽ രണ്ടര വർഷമായി കഴിഞ്ഞിരുന്ന തൃശുർ, കുന്നംകുളം, തൊഴിയൂർ സ്വദേശി വെള്ളുത്തടത്തിൽ വീട്ടിൽ അഷറഫാണ് കടമ്പകൾ കടന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ശിക്ഷാ കാലാവധി കഴിഞ്ഞും തടവിൽ കഴിയുന്ന അഷറഫിനെ സഹായിക്കാൻ ദമ്മാമിലെ കെ.എം.സി.സി രംഗത്തെത്തിയതാണ് ഒടുവിൽ തുണയായത്. ഇതിന് മുമ്പ് മൂന്ന് തവണ ഇയാളെ വിമാനത്താവളത്തിൽനിന്ന് തിരികെ അയച്ചിരുന്നു. ഇതിനെക്കുറിച്ച് 'ഗൾഫ് മാധ്യമം'നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റെൻറ് എ കാർ കമ്പനിയുമായുണ്ടായിരുന്ന സാമ്പത്തിക കേസ് ആയിരുന്നു അഷറഫിന്‍റെ അവസാനയാത്ര മുടക്കിയിരുന്നത്. ഈ തുക നൽകാൻ കെ.എം.സി.സി തയാറാകവുകയും സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെ സഹായത്താൽ ഈ തുക കോടതിയിൽ കെട്ടിവെക്കുകയും ചെയ്തതോടെയാണ് കേസിൽനിന്ന് മോചനം സാധ്യമായത്.
രണ്ട് മൂന്ന് പേർ ചേർന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റിന്‍റെ പണവും നൽകിയതോടെ അഷറഫിന്‍റെ മടക്കം യാഥാർഥ്യമായി. കഴിഞ്ഞദിസവം എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോയി. നേരത്തെ പലതവണ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ച അനുഭവമുള്ളതിനാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയായപ്പോഴാണ് നാട്ടിലെത്തിക്കാൻ തുനിഞ്ഞിറങ്ങിയ സാമൂഹിക പ്രവർത്തകർ ഉൾപ്പടെയുള്ള്വർക്ക് സമാധാനമായത്. രണ്ടര വർഷം മുമ്പാണ് കേസിൽ അകപ്പെട്ട് അഷറഫ് ജയിലിലായത്. ഒന്നര വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അൽ-ഖോബാർ കോടതിയിലെ ഒരു കേസ് പൊന്തിവന്നത്. കാറ് വാടകക്ക് എടുത്ത വകയിൽ പണമടക്കാനുള്ള കേസായിരുന്നു അത്.
6,000-ത്തോളം റിയാലാണ് ആ വകയിൽ അടക്കാനുണ്ടായിരുന്നത്. അന്ന് നാട്ടിലുള്ള ഭാര്യ ബുഷ്റ ഇയാളുടെ സുഹൃത്തുക്കളേയും പരിചയക്കാരേയും ബന്ധപ്പെട്ട് ആ പണം സ്വരൂപിച്ച് കേസിൽ നിന്ന് മുക്തമാക്കി. വീണ്ടും വിമാനത്താവളത്തിൽ എത്തിയപ്പോൾ താമസിച്ച ഫ്ലാറ്റിന്‍റെ വാടകക്കുടിശ്ശിക നൽകാത്തതിന്‍റെ പേരിലുള്ള കേസ് പൊങ്ങി വന്നു.
വീട്ടിലെ ദാരിദ്ര്യം തീർക്കാൻ അഞ്ച് വർഷം മുമ്പ് പ്രവാസിയായ അഷറഫ് നാട്ടിലേക്ക് തിരികെ എത്തുന്നത് കടക്കണിയുടെ ആഴക്കിണറ്റിലേക്കാണ്. ഗൾഫിൽ പോകാനും വീടു നന്നാക്കാനും എടുത്ത അഞ്ച് ലക്ഷത്തിന്‍റെ ലോൺ 10 ലക്ഷമായി മാറി ആകെയുണ്ടായിരുന്ന കിടപ്പാടം ജപ്തിയുടെ വക്കിലെത്തി നിൽക്കുകയാണ്. ആർഭാഢങ്ങൾ മാത്രം കണ്ട് പ്രവാസത്തെ വിലയിരുത്തുന്നവർക്കുള്ള അനുഭവപാഠം കൂടിയാണ് അഷറഫിന്‍റെ ജീവിതമെന്ന് ഈ വിഷയത്തിൽ ഇടപെട്ട കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ പറഞ്ഞു. തടവിറയിൽനിന്ന് ഒരാൾ കൂടി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞത് നിറഞ്ഞ സന്തോഷമുണ്ടാക്കുന്നുവെന്ന് മണിക്കുട്ടൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.