ജിദ്ദ: രാജ്യത്തെ മൂല്യവര്‍ധിത നികുതി ലംഘനങ്ങൾക്കുള്ള പിഴകളിൽ സൗദി സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി മാറ്റം വരുത്തി. ഇതുപ്രകാരം, ലംഘിക്കുന്നവര്‍ക്ക് ഇനി മുതൽ ആദ്യതവണ പിഴയുണ്ടാകില്ല. കടകളിൽ പരിശോധന സംഘങ്ങളെത്തി നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപന ഉടമകളെയും നികുതി അടക്കേണ്ടവരെയും ബോധവത്കരിക്കുകയാണ് ചെയ്യുന്നത്. നികുതിദായകന് മൂന്നു മാസത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തപ്പെടും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
നികുതി വെട്ടിപ്പ് ഉൾപ്പെടെ ഗുരുതര നിയമലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമാകില്ല. നികുതി വെട്ടിപ്പ്, നികുതി കുടിശ്ശിക അടക്കാതിരിക്കുക, അടക്കുന്നതില്‍ കാലതാമസം വരുത്തുക, നികുതി റിട്ടേണുകള്‍ രേഖപ്പെടുത്തുന്നതില്‍ വഞ്ചന കാണിക്കുക, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്യുക തുടങ്ങിയവ ഗുരുതര നിയമ ലംഘനങ്ങളിൽപെടും. ഇവക്ക് നിലവിലുള്ളപോലെ തത്സമയം പിഴ ചുമത്തും. പുനര്‍നിര്‍ണയിച്ച ലംഘനങ്ങളുടെയും പിഴകളുടെയും വിശദവിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. എല്ലാതരം ലംഘനങ്ങളും അവയുടെ പിഴകളും തരംതിരിച്ച് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ടെന്നും എല്ലാ നികുതിദായകരും അതു കൃത്യമായി മനസ്സിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.