സൗദിയിലെത്തി രോഗാവസ്ഥയിലായ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു

ബുറൈദ​: സൗദിയിലെ അൽഖസീം പ്രവിശ്യയിൽ ആറ് മാസം മുമ്പ് വീട്ടുജോലിക്കായി വന്ന് രോഗാവസ്ഥയിലും വിഷമത്തിലുമായ മലയാളി യുവതിയെ സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. കൊല്ലം നിലമേൽ സ്വദേശി സുജീന ബീവി (42)യാണ് ഖസീമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ 'ഗൾഫ് എയർ' വിമാനത്തിൽ നാട്ടിലേക്ക്​ പോയത്.

റിയാദിലെ കരാർ കമ്പനിയുടെ വിസയിലാണ് സുജീന ആദ്യമായി സൗദിയിലെത്തിയത്. രണ്ട് മാസത്തിനുശേഷം കമ്പനി ഇവരെ ഉനൈസയിലെ സ്വദേശിക്ക് കൈമാറി. വീട്ടുടമയുടെ ഉമ്മയെയും സുഖമില്ലാത്ത സഹോദരിയെയും പരിചരിക്കുന്ന ജോലിയായിരുന്നു ഇവർക്ക്. എന്നാൽ ഏറെ വൈകാതെ അജ്ഞാതമായ അസുഖം ബാധിച്ച ഇവർക്ക് ജോലി ചെയ്യാൻ വയ്യാതായി. ഭക്ഷണം കഴിക്കാനാകാതെയും ഉറക്കം ലഭിക്കാതെയും വന്നതോടെ ശരീരഭാരം വല്ലാതെ കുറഞ്ഞു. തൊഴിലുടമ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രോഗം നിർണയിക്കാനായില്ല.

വിവരമറിഞ്ഞ ഭർത്താവ് ഷാജഹാൻ ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും റിയാദ് ഇന്ത്യൻ എംബസി അധികൃതർക്കും നിവേദനം നൽകിയിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് നിലമേൽ മണ്ഡലം പ്രസിഡന്റ് ഷെമീർ കൈതോട്, ദമ്മാം കെ.എം.സി.സി കൊല്ലം ജില്ലാ ഘടകം സെക്രട്ടറി പുനയം സുധീറിനെ ബന്ധപ്പെട്ടതോടെയാണ് ഇവരുടെ മടക്കയാത്രക്ക് കളമൊരുങ്ങിയത്. സുധീർ ഒ.ഐ.സി.സി ഖസീം മേഖലാ പ്രസിഡന്റ് സക്കീർ പത്തറയെ വിവരമറിയിച്ചു.

സക്കീർ സ്​പോൺസറെ ബന്ധപ്പെട്ടപ്പോൾ വീട്ടുവേലക്കാരിയെ ലഭിച്ചത് ഏറെ പ്രയത്നിച്ചിട്ടാണെന്നും വലിയൊരു തുക ചെലവ് വന്നിട്ടുണ്ടെന്നും ആ തുക ലഭിക്കാതെ സുജീനായെ മടക്കി അയക്കാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖേന ഇന്ത്യൻ എംബസി അധികൃതരെ ബന്ധപ്പെട്ടു. എംബസി നിർദേശപ്രകാരം സക്കീർ പത്തറ പലതവണ നേരിൽ കണ്ട് നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് സ്വദേശി വഴങ്ങിയത്. വിവരം അറിഞ്ഞപ്പോൾ മുതൽ സക്കീറും കുടംബവും സുജീന ബീവിക്ക് എല്ലാവിധ സഹായവുമായി രംഗത്തുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്തേക്കുള്ള എയർടിക്കറ്റ് നൽകാനും വീട്ടുടമ തയാറായി.

Tags:    
News Summary - woman from Kollam who was sick after reaching gulf brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.