യാംബു അരാംകോ സിനോപെക് റിഫൈനിങ് കമ്പനിയിൽ നിന്നുള്ള എണ്ണ ഉൽപ്പാദനത്തിൽ കുറവ് വരുത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം

ജിദ്ദ: സൗദി അരാംകോയുടെയും ചൈന പെട്രോകെമിക്കൽ കോർപ്പറേഷന്റെയും (സിനോപെക്) സംയുക്ത സംരംഭമായ യാംബു അരാംകോ സിനോപെക് റിഫൈനിങ് കമ്പനിയിൽ നിന്നുള്ള എണ്ണ ഉൽപ്പാദനത്തിൽ താൽക്കാലിക കുറവ് വരുത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ 1.30 ഓടെ ഹൂതികൾ വിക്ഷേപിച്ച രണ്ട് വിദൂര പൈലറ്റ് വിമാനങ്ങളുടെ ആക്രമണങ്ങൾക്ക് കമ്പനി വിധേയമായിരുന്നു. ഇതിനെത്തുടർന്നുണ്ടായ കേടുപാടുകളെ തുടർന്നാണ് തീരുമാനം. നേരത്തെയുള്ള സ്റ്റോക്കിൽ നിന്നും എടുത്ത് ഉൽപ്പാദനം കുറക്കുമ്പോഴുണ്ടാവുന്ന കുറവ് പരിഹരിക്കുമെന്നും ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ ആളുകൾക്ക് പരിക്കോ മരണങ്ങളോ ഉണ്ടായിട്ടില്ല.

റിയാദ് റിഫൈനറിക്ക് നേരെയുള്ള സമീപകാല ആക്രമണം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്ക് നേരെയും സിവിലിയൻ വസ്തുക്കൾക്കുമെതിരെ ആവർത്തിച്ച് ഹൂത്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ള ഭീരുത്വം നിറഞ്ഞ തീവ്രവാദ പ്രവർത്തനങ്ങൾക്കും അട്ടിമറികൾക്കുമുള്ള ശ്രമങ്ങളാണ് ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത് സൗദിയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമല്ലെന്നും ലോകത്തിലെ ഊർജ വിതരണത്തിന്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതിനുമാണ് ഈ ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ അട്ടിമറികൾക്കും ഭീകരാക്രമണങ്ങൾക്കും എതിരെ നിലകൊള്ളാനും അവ നടപ്പിലാക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന എല്ലാ കക്ഷികളെയും നേരിടാൻ ലോകരാജ്യങ്ങളോടും സംഘടനകളോടും മന്ത്രാലയം ആഹ്വാനം നൽകി.

Tags:    
News Summary - Yambu Aramco cut production at Sinopec Refining Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.