ജിദ്ദ: ഒറ്റയ്ക്ക് വിമാനം പറത്തി ലോകം കറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ വൈമാനിക റിയാദിൽ. ബെൽജിയം പൗരയായ കാപ്റ്റൻ സാറ റഥർഫോർഡാണ് തന്‍റെ ചെറുവിമാനവുമായി സാഹസിക യാത്രക്കിടയിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. സ്റ്റോപ്പിങ് പോയിൻറുകളിലൊന്നായ സൗദി ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ് 19 കാരിയായ കാപ്റ്റൻ സാറ റഫർഫോർഡ്.
സ്ത്രീകളെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നിവ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരിൽ വ്യോമയാന താൽപ്പര്യമുണ്ടാക്കുകയുമാണ് തനിച്ചുള്ള യാത്രയിലുടെ അവർ ലക്ഷ്യമിടുന്നത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി, റിയാദ് എയർപോർട്ട് കമ്പനി എന്നിവയുടെ സഹകരണത്തോടെ സൗദി ഏവിയേഷൻ ക്ലബാണ് സാറക്ക് രാജ്യത്ത് ആതിഥ്യമരുളിയിരിക്കുന്നത്.
വ്യോമയാന മേഖലയിൽ സ്ത്രീകളുടെ പങ്കിനെ കുറിച്ച് രാജ്യത്തെ ജനസമൂഹത്തിന് വെളിച്ചം പകരുക, സൗദി പരിവർത്തന പദ്ധതി 'വിഷൻ 2030'ന് അനുസൃതമായി വ്യോമയാന രംഗത്ത് സൗദി വനിതകളുടെ ശാക്തീകരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം കൈവരാൻ കാപ്റ്റൻ സാറക്ക് ആതിഥേയത്വം നൽകിയതിലൂടെ കഴിയുമെന്ന് കരുതുന്നു.
യു.എ.ഇയിൽ നിന്നാണ് കാപ്റ്റൻ സാറ റിയാദിലെത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തി. റിയാദ് നഗരത്തിൽ എത്താനായതിൽ സന്തോഷമുണ്ടെന്ന് കാപ്റ്റൻ സാറ പറഞ്ഞു. യാത്ര എല്ലാ പ്രതീക്ഷകളെയും കവച്ചുവെക്കുന്നതാണെന്നും മറക്കാനാവാത്ത നിമിഷങ്ങളും വലിയ വെല്ലുവിളികളെ നേരിടലും ജീവിതത്തിൽ സംഭവിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സൗദിയുടെ മുകളിലൂടെ പറക്കുമ്പോൾ അതിശയകരമായ കാഴ്ച ആസ്വദിക്കാനായി. ഓരോ നിമിഷവും അസാധാരണമായ അനുഭവമായിരുന്നു. ലോകമെമ്പാടും ഒറ്റയ്ക്ക് പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാകാനും ഗിന്നസ് ബുക്കിൽ റെക്കോർഡ് സ്ഥാപിക്കാനുമാണ് തന്‍റെ ശ്രമമെന്നും അവർ വെളിപ്പെടുത്തി. പെൺകുട്ടികളെ വിമാനത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രത്തിലും വ്യോമയാനത്തിലും കരിയർ തുടരാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യലാണ് ഇങ്ങനെയൊരു യാത്ര കൊണ്ട് ഉദേശിക്കുന്നതെന്നും കാപ്റ്റൻ സാറ പറഞ്ഞു.
സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 മൈൽ ദൂരം പറക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് പടിഞ്ഞാറൻ ബെൽജിയത്തിലെ കോർട്രിജ്ക്-വെവെൽജെം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാപ്റ്റൻ സാറയുടെ സാഹസിക യാത്ര ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് പറക്കുന്നത്.
ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. 19 കാരിയായ സാറ റഥർഫോർഡ് കഴിഞ്ഞ ആഗസ്റ്റ് 18 നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്. ചെറുവിമാനം ഉപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന സാറ യാത്രയിൽ വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കിൽ റെക്കോർഡ് ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.