വൈജ്ഞാനിക സമ്പദ് വ്യവസ്ഥയില്‍  കുതിപ്പിനൊരുങ്ങി യു.എ.ഇ

അബൂദബി: എണ്ണയിലുള്ള ആശ്രയത്വം ഇല്ലാതാക്കാനും ഭാവി തലമുറക്ക് സുഗമമായ ജീവിതം ഉറപ്പാക്കുന്നതിനുമായി വൈജ്ഞാനിക മേഖലയില്‍ കുതിപ്പിനൊരുങ്ങാന്‍ യു.എ.ഇ  പുതിയ നയം തയാറാക്കി. ശാസ്ത്രം, സാങ്കേതിക വിദ്യ, കണ്ടുപിടിത്തങ്ങള്‍ എന്നിവയിലൂടെ സമ്പദ് വ്യവസ്ഥയുടെ മാറ്റങ്ങള്‍ സാധ്യമാക്കുന്നതിനായാണ് രാജ്യം ഒരുങ്ങുന്നത്. ഇതിന്‍െറ ഭാഗമായി 30,000 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന എമിറേറ്റ്സ് ശാസ്ത്ര- സാങ്കേതിക- കണ്ടുപിടിത്ത ഉന്നത നയം പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. 
വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, ഗതാഗതം, ജലം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ 100 ദേശീയ പദ്ധതികള്‍ അടക്കമാണ് നടപ്പാക്കുന്നത്.   നിക്ഷേപം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിലായാണ് 30,000 കോടി ദിര്‍ഹം ചെലവഴിക്കുക. എണ്ണക്ക് ശേഷമുള്ള ലോകത്തെ മുന്നില്‍ കണ്ട് ഊര്‍ജസ്വലമായ വൈജ്ഞാനിക സമ്പദ്വ്യവസ്ഥ നിര്‍മിച്ചെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.  ഒരു വര്‍ഷമായി നാഷനല്‍ സയന്‍സ് ടെക്നോളജി ആന്‍റ് ഇന്നൊവേഷന്‍ കമ്മിറ്റി അംഗങ്ങളുടെയും വിവിധ സംഘങ്ങളുടെയും നേതൃത്വത്തില്‍ നടന്ന പരിപാടികളുടെ ഭാഗമായാണ് ശാസ്ത്ര- സാങ്കേതിക- കണ്ടുപിടിത്ത ഉന്നത നയം രൂപവത്കരിച്ചത്.   
പദ്ധതിയുടെ ഭാഗമായി ശാസ്ത്രം, ഗവേഷണം, കണ്ടുപിടിത്തം എന്നിവക്കായി ഫണ്ടുകള്‍ സ്ഥാപിക്കും. സാങ്കേതിക വിദ്യ കൈമാറ്റം, കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കല്‍, ആഗോള വ്യവസായിക പങ്കാളിത്തം തുടങ്ങിയവക്ക് നടപടി സ്വീകരിക്കും. ഗവേഷണ- വികസന മേഖലയില്‍ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. 2021ഓടെ രാജ്യത്തെ വൈജ്ഞാനിക മേഖലയിലെ ജീവനക്കാരുടെ എണ്ണം 40 ശതമാനം വര്‍ധിപ്പക്കലും പദ്ധതിയുടെ ലക്ഷ്യമാണ്.  
പദ്ധതിക്കായി മാറ്റിവെച്ച തുകയില്‍ 12,800 കോടി ദിര്‍ഹം ശുദ്ധ ഊര്‍ജ മേഖലയിലാണ് നിക്ഷേപിക്കുക. 7200 കോടി ദിര്‍ഹം പുനരുപയോഗ ഊര്‍ജ മേഖലയിലും 4000 കോടി ദിര്‍ഹം വ്യോമയാന ഗവേഷണം, വികസനം, ഉല്‍പാദനം എന്നിവക്കുമായും  നിക്ഷേപിക്കും. വിവിധ മുന്‍ഗണനാ മേഖലകളിലെ ഗവേഷണ- വികസന കേന്ദ്രങ്ങള്‍ക്കായി 3100 കോടി ദിര്‍ഹവും ബഹിരാകാശ മേഖലക്ക് 2000 കോടി ദിര്‍ഹവും മാറ്റിവെച്ചിട്ടുണ്ട്. 600 ദിര്‍ഹം കോടി വീതം ഇന്നൊവേഷന്‍ ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കുന്നതിനും അക്കാദമിക് സ്ഥാപനങ്ങളോട് ചേര്‍ന്ന് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും മാറ്റിവെച്ചിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.