ദുബൈയില്‍ ഈ വര്‍ഷം 20  സ്വകാര്യ സ്കൂളുകള്‍ തുറക്കും

ദുബൈ: ദുബൈയില്‍ ഈ അധ്യയന വര്‍ഷം പുതിയ 20 സ്വകാര്യ സ്കൂളുകള്‍ തുറക്കാന്‍ പദ്ധതി. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂള്‍ പ്രവേശത്തിന് ബുദ്ധിമുട്ടുന്ന പ്രവാസി രക്ഷിതാക്കള്‍ക്ക് നടപടി ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
15 മുതല്‍ 20 വരെ സ്കൂളുകള്‍ക്ക് അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എച്ച്.ഡി.എ മേധാവി ഡോ. അബ്ദുല്ല കറാം അറിയിച്ചു. ഒരു അധ്യയന വര്‍ഷം ഇത്രയും സ്വകാര്യ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. മൊത്തം സീറ്റുകളുടെ 11 ശതമാനം മാത്രമേ കഴിഞ്ഞ അധ്യയന വര്‍ഷം സ്വകാര്യ സ്കൂളുകളിലുള്ളൂവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 173 സ്കൂളുകളിലായി 2,65,299 കുട്ടികളാണ് ദുബൈയില്‍ പഠിക്കുന്നത്. ഇവയില്‍ 65 സ്കൂളുകള്‍ ബ്രിട്ടീഷ് കരിക്കുലം പിന്തുടരുമ്പോള്‍ 32 സ്കൂളുകളാണ് ഇന്ത്യന്‍ സിലബസ് പഠിപ്പിക്കുന്നത്. പുതിയ സ്കൂളുകള്‍ ഏതൊക്കെ സിലബസാണ് പിന്തുടരുകയെന്ന് പിന്നീട് തീരുമാനിക്കും. ദുബൈയിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദേശികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വിദേശി വിദ്യാര്‍ഥികളില്‍ 30 ശതമാനവും ഇന്ത്യക്കാരാണെങ്കില്‍ എട്ട് ശതമാനമുള്ള ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളാണ് രണ്ടാം സ്ഥാനത്ത്. ആറ് ശതമാനം വരുന്ന പാകിസ്താനികളാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രവേശത്തിന് സ്കൂള്‍ ലഭിക്കാതെ ഏറ്റവും കൂടുതല്‍ വലയുന്നതും.
ഈജിപ്ത്, പാകിസ്താന്‍, നൈജീരിയ, ജോര്‍ഡന്‍ എന്നിവയാണ് വിദ്യാര്‍ഥികളുടെ എണ്ണത്തിന്‍െറ പട്ടികയില്‍ ഇന്ത്യക്ക് പുറകിലായി കടന്നുവരുന്നത്. എന്നാല്‍, ഒരേയൊരു വിദ്യാര്‍ഥിയെ ദുബൈയില്‍ പഠിപ്പിക്കുന്ന മൂന്ന് രാജ്യങ്ങളുണ്ട്. ഭൂട്ടാന്‍, മാര്‍ഷല്‍ ദ്വീപ്, എല്‍സാല്‍വദോര്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.
 ദുബൈയിലെ സ്കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളില്‍ ഏറ്റവും സാധാരണയായ പേര് മുഹമ്മദാണ്. പെണ്‍കുട്ടികളില്‍ മറിയം എന്ന പേരാണ് ഏറ്റവും കൂടുതലുള്ളത്. കുട്ടികള്‍ക്കിടയില്‍ രണ്ടാംപേരും കുടുംബപേരുമായി ഏറ്റവും കൂടുതലുള്ളത് അഹമ്മദ്, അലി, ഹുസൈന്‍, ഖാന്‍, കുമാര്‍ എന്നിവയാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജന്മദിനം ആഘോഷിക്കുന്നത് ഒക്ടോബര്‍ 10നാണെന്ന് കെ.എച്ച്.ഡി.എ പറയുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ദുബൈയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ മാത്രം നല്‍കിയത് 6.1 ബില്യണ്‍ ദിര്‍ഹമാണ്. ദുബൈയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 1.7 ശതമാനം വരുമിത്. 60 ശതമാനം കുട്ടികളും 20,000 ദിര്‍ഹത്തോളം വര്‍ഷം സ്കൂള്‍ ഫീസ് നല്‍കുന്നുവെന്നാണ് കണക്ക്. ഈ വര്‍ഷം ദുബൈയിലെ സ്കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയതോടെ ഈ കണക്ക് ഇനിയും ഉയര്‍ന്നേക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.