ദുബൈ: ചരക്ക് ട്രക്കുകൾ നിർത്തിയിടാൻ ദുബൈയിൽ മൂന്ന് വിശ്രമകേന്ദ്രങ്ങൾ നിർമിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കേന്ദ്രങ്ങളുടെ നിർമാണത്തിന് ആർ.ടി.എ ടെൻഡർ വിളിച്ചു. മൂന്നിടങ്ങളിലായി ഒരേസമയം 480 ട്രക്കുകൾക്ക് നിർത്തിയിടാൻ സൗകര്യമുള്ള സംവിധാനമാണ് ഒരുക്കുക.
ബി.ഒ.ടി അടിസ്ഥാനത്തിൽ ദുബൈ നഗരത്തിെൻറ അതിർത്തി മേഖലകളിലടക്കമാണ് ട്രക്കുകൾക്ക് വിശ്രമകേന്ദ്രം. ഒന്ന് ജബൽ അലി വ്യവസായമേഖലയിൽ അബൂദബി അതിർത്തിയോട് ചേർന്നാണ് നിർമിക്കുക. 10 ഹെക്ടർ വലുപ്പമുള്ള ഇവിടെ 200 ട്രക്കുകൾ വരെ ഒരേസമയം നിർത്താൻ പറ്റും.
എമിറേറ്റ്സ് റോഡിൽ ദുബൈ- ഷാർജ അതിർത്തിയിലാണ് മറ്റൊരു വിശ്രമകേന്ദ്രം വരുന്നത്. ഏഴ് ഹെക്ടർ സ്ഥലത്ത് ഒരുക്കുന്ന ഈ കേന്ദ്രത്തിൽ 150 ട്രക്കുകൾ നിർത്താം. ഇൻഡസ്ട്രിയൽ സിറ്റിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനടുത്താണ് മൂന്നാമത്തെ കേന്ദ്രം.
ഇവിടെ അഞ്ച് ഹെക്ടർ പ്രദേശത്ത് 100 ട്രക്കുകൾ വരെ നിർത്തിയിടാം. ഡ്രൈവർമാർക്ക് താമസസ്ഥലം, കടകൾ, റെസ്റ്റാറൻറുകൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് വർക്ഷോപ്പുകൾ, സാധനങ്ങൾ സൂക്ഷിക്കാൻ വെയർഹൗസുകൾ എന്നീ സൗകര്യങ്ങളോടെയാണ് കേന്ദ്രം നിർമിക്കുക.
ദേശീയപാതകളുടെയും പാർപ്പിട പ്രദേശങ്ങളുടെയും വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ പ്രശ്നം ഇല്ലാതാക്കാനും വിശ്രമകേന്ദ്രങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം പൂർത്തീകരിക്കാനുമായാണ് കേന്ദ്രങ്ങൾ നിർമിക്കുന്നതെന്ന് ആർ.ടി.എ അറിയിച്ചു. നിലവിൽ പ്രതിദിനം 3,75,000 ഹെവി വാഹനങ്ങൾ ദുബൈയിലൂടെ കടന്നുപോകുന്നതായാണ് കണക്ക്.ദിവസവും അഞ്ചു ദശലക്ഷം ടൺ ചരക്കാണ് ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.