അബൂദബി: ലോകത്തെ പ്രമുഖ പുനരുപയോഗ ഊർജ കമ്പനികളിലൊന്നായ അബൂദബി കേന്ദ്രമായ മസ്ദാർ കമ്പനി ഇറാഖിൽ സൗരോർജ പ്ലാൻറ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. കുറഞ്ഞത് രണ്ട് ജിഗാവാട്ട് ശേഷിയുള്ള സോളാർ ഫോട്ടോവോൾട്ടെയ്ക്ക് പദ്ധതികൾ വികസിപ്പിക്കാൻ ഇറാഖുമായി കരാറിൽ ഒപ്പുവെച്ചു. മുബാദല ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് മസ്ദാർ.
ഇറാഖിലെ വൈദ്യുതി മന്ത്രി മാജിദ് എ ഹന്തോഷ്, ദേശീയ നിക്ഷേപ കമീഷൻ പ്രസിഡൻറ് സുഹ അൽ നജാർ എന്നിവരുമായി മസ്ദാർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് ജമീൽ അൽ റമാഹി വെർച്വൽ ചടങ്ങിലാണ് കരാർ ഒപ്പിട്ടത്.
മസ്ദാറുമായുള്ള കരാറിലൂടെ മധ്യ-തെക്കൻ ഇറാഖിൽ രണ്ടു ജിഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കുമെന്ന് ഇറാഖ് എണ്ണമന്ത്രി ഇഹ്സാൻ അബ്ദുൽ ജബ്ബാർ ഇസ്മായിൽ പറഞ്ഞു. ശുദ്ധ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിൽ അബൂദബിയിലെ മസ്ദാർ കമ്പനി ലോകത്ത് മുൻനിരയിലാണ്. ലോകത്തെ 30 ലധികം രാജ്യങ്ങളിൽ സേവനമുണ്ട്. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിലും വർധിച്ചുവരുന്ന ഊർജ ആവശ്യകത പരിഹരിക്കാനും യു.എ.ഇ- ഇറാഖ് സഹകരണ പങ്കാളിത്തത്തിലൂടെ സാധിക്കും. 2025 ഓടെ 10 ജിഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കാൻ ഗുണനിലവാരമുള്ള പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇറാഖ് ശ്രമങ്ങളെ പിന്തുണക്കാൻ സഹായിക്കുന്നതാണ് കരാർ.
ഒപെക് രാജ്യങ്ങളിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപാദക രാജ്യമായ ഇറാഖ് ഈ ദശകത്തിെൻറ അവസാനത്തോടെ ഊർജ വിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ പുനരുപയോഗ ഊർജം വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച പാരിസ് കരാർ ഈ വർഷം അംഗീകരിച്ച ഇറാഖിലാണ് അറബ് മേഖലയിലെ ഏറ്റവും ആകർഷകമായ സൗരോർജ പ്രദേശങ്ങളിൽ ചിലതുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.