ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തം

ദുബൈ: രാജ്യത്തെ ലേബർ ക്യാമ്പുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയം. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ വിവിധ ലേബർ ക്യാമ്പുകളിലായി 352 നിയമലംഘനങ്ങൾ കണ്ടെത്തി.

എയർ കണ്ടീഷന്‍റെയും വെന്‍റിലേഷന്‍റെയും അപര്യാപ്​തത, തീപിടിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ, താമസസ്ഥലത്തെ വൃത്തിയുമായി ബന്ധപ്പെട്ട മറ്റു​ വിഷയങ്ങൾ എന്നിവയാണ്​ പരിശോധനയിൽ കണ്ടെത്തിയത്​. മേയ്​ 20 മുതൽ ജൂൺ ഏഴുവരെയായിരുന്നു​ പരിശോധന.

ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ചില കമ്പനികൾക്ക്​ മുന്നറിയിപ്പു നൽകുകയും മറ്റുചിലർക്ക്​ പിഴ ചുമത്തുകയും ചെയ്തു. തൊഴിലാളികൾക്ക്​ താമസ​ സ്ഥലം ഒരുക്കാൻ ചില കമ്പനികൾക്ക്​ ഒരു മാസം വരെ സമയം അനുവദിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

മുഴുവൻ തൊഴിലാളികൾക്കും സുരക്ഷ, സൗകര്യം എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തുന്ന തൊഴിൽ സാഹചര്യങ്ങൾ നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന്​ പരിശോധനകാര്യ അസിസ്റ്റന്‍റ്​ അണ്ടർ സെക്രട്ടറി മുഹ്​സിൻ അലി അൽ നാസി പറഞ്ഞു.

തൊഴിലാളികൾക്ക്​ സൗകര്യപ്രദമായ താമസസ്ഥലം അനുവദിക്കാനുള്ള ഉത്തരവാദിത്തം കമ്പനികൾ നിർവഹിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനായി ലേബർ ക്യാമ്പുകളിൽ സ്ഥിരമായി പരിശോധന നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേബർ ക്യാമ്പുകളിൽ തടസ്സപ്പെടാത്ത രീതിയിലുള്ള ശുചീകരണം, തണുത്ത വെള്ളം, ബെഡ്​റൂമുകൾ, വാഷ്​റൂം ഉപകരണങ്ങൾ എന്നിവ കമ്പനികൾ നിർബന്ധമായും അനുവദിക്കണമെന്നാണ്​ നിയമം. കൂടാതെ ഒരു തൊഴിലാളിക്ക്​ ചുരുങ്ങിയത്​ മൂന്ന്​ ചതുരശ്ര മീറ്റർ സ്ഥലം അനുവദിക്കുകയും ചെയ്യണം.

യു.എ.ഇയിൽ ലേബർ ക്യാമ്പുകളിലായി ഏതാണ്ട്​ 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ്​ മന്ത്രാലയത്തിന്‍റെ കണക്ക്​. 18,00 കമ്പനികൾ ഇലക്​ട്രോണിക്​ ലേബർ അക്കൊ​മഡേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Inspections are tight in labour camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.