ദുബൈ: യു.എ.ഇയിലെ പ്രമുഖ സന്നദ്ധ സംഘടനയായ നൂർ ദുബൈ ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബൈയിലെ തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധന നടത്താനുള്ള പദ്ധതി ആരംഭിച്ചു. ഇതിനായുള്ള ധാരണപത്രത്തിൽ അക്കാഫ് അസോസിയേഷൻ പ്രതിനിധികളും നൂർ ദുബൈ ഫൗണ്ടേഷൻ പ്രതിനിധികളും ഒപ്പുവെച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘സമൂഹ വർഷ’ത്തിന്റെ ഭാഗമായാണ് റമദാനിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബൈ ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതിൽ 190 പേർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധനാ ക്യാമ്പുകളിൽ എത്തിയത്.
സമൂഹക്ഷേമം ലക്ഷ്യമാക്കി നൂർ ദുബൈ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കാനായതിൽ അക്കാഫ് അസോസിയേഷൻ ഏറെ അഭിമാനിക്കുന്നതായി പ്രസിഡന്റ് പോൾ ടി. ജോസഫ് അഭിപ്രായപ്പെട്ടു. ലേബർ ക്യാമ്പുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്രപരിശോധനയും നടത്തുന്നത്.
ഇതുവരെ എഴുപത്തയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഇഫ്താർ ബോക്സ്- ആറിന്റെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തത്.വാർത്തസമ്മേളനത്തിൽ നൂർ ദുബൈ ഫൗണ്ടേഷൻ നാഷനൽ ഏർലി ഡിറ്റക്ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി, ഫൗണ്ടേഷൻ പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്ദുല്ല, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി എ.എസ്. ദീപു, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീക്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ, ഇഫ്താർ ബോക്സ്-ആറ് ജനറൽ കൺവീനർ കെ.വി. ജോഷി, സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.